കൊച്ചി: ബി.ജെ.പി അനുകൂല നിലപാട് വ്യക്തമാക്കി സിറോ മലബാർസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്നും കേരളത്തിൽ മൂന്ന് മുന്നണിക്കും ഭരണത്തിന് സാധ്യതയുണ്ടെന്നും ആലഞ്ചേരി പറയുന്നു. നരേന്ദ്രമോദി നല്ല നേതാവാണ്. അന്താരാഷ്ട്രതലത്തിൽ ഈ നേതൃ പ്രാഗല്ഭ്യം വളർത്തിയെടുക്കുന്നതിൽ വിജയിച്ചയാളാണ് അദ്ദേഹം. ജനങ്ങൾക്ക് മോദിയുടെ ഭരണത്തിൽ സുരക്ഷിത ബോധമുണ്ട്. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന് അരക്ഷിതാവസ്ഥയില്ലെന്നും അദ്ദേഹം പറയുന്നു
ആർക്കും രാഷ്ട്രീയ പാർട്ടി ഇഷ്ടാനുസരണം മാറാമെന്നിരിക്കെ അതിലും പ്രധാനപ്പെട്ട മതവിശ്വാസം മാറ്റുന്നതിനെ എതിർക്കുന്നത് എന്തിനാണെന്ന് താൻ തന്നെ ബി.ജെ.പിക്കാരോട് ചോദിച്ചിട്ടുണ്ട്. പരിപൂർണമായി ബി.ജെ.പി ആധിപത്യം വന്നാൽ ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് ചിലർ പറയുന്നു, അതിനെക്കുറിച്ച് തനിക്ക് അറിയില്ല. ഇതൊന്നും പ്രവചിക്കാൻ കഴിയുന്ന കാര്യമല്ല.
ഹൈന്ദവ ആധിപത്യം ഇവിടെ വന്നാൽ തങ്ങളെ തുരത്തുമെന്ന് ഒരുപക്ഷേ, മുസ്ലിംകൾ ചിന്തിക്കുന്നുണ്ടാകാം. മുസ്ലിം ആധിപത്യമുള്ള രാജ്യങ്ങളിൽ സംഭവിക്കുന്നത് മറ്റുള്ളവരെ തുരത്തുകയെന്നതാണ്. ആ ശൈലിയിൽ അവർ ഹൈന്ദവ ആധിപത്യത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ടാകാം, തനിക്ക് അറിയില്ല.
റബർ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന തലശ്ശേരി ആർച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ബിഷപ്പുമാർക്ക് അവരവരുടെ അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആലഞ്ചേരി പറഞ്ഞു. അദ്ദേഹം കർഷകരുടെ ആവശ്യം ശക്തമായി അവതരിപ്പിക്കുകയായിരുന്നു. സഭക്ക് രാഷ്ട്രീയമില്ല. എന്നാൽ, സഭയിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് രാഷ്ട്രീയമുണ്ട്. മുസ്ലിം എതിർപ്പ് പ്രകടിപ്പിക്കുന്ന ക്രിസ്ത്യൻ സംഘടന കാസയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ധ്രുവീകരണ ചർച്ചകളുടെ ഭാഗമാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ ഒരു നല്ല നേതാവിനെ പോലെയാണ് സംസാരിക്കുന്നത്, രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിൽ വരണമെന്നുള്ള ആഗ്രഹത്തോടെ പാർട്ടിയോടുള്ള പ്രതിബദ്ധത ഓരോ പ്രവർത്തകർക്കും ഉണ്ടാകണം. അത് ഈ അടുത്തകാലത്ത് സാധിക്കുമെന്ന് തോന്നുന്നില്ല. പെൺകുട്ടികളെ വശീകരിച്ച് മതംമാറ്റുന്ന രീതി നിലനിൽക്കുന്നുണ്ടെന്നത് സത്യമാണ്. അത് ഇസ്ലാം മതത്തിന്റെ പൊതുവായ നയമൊന്നുമല്ല, മതത്തിന്റെ പേരിൽ ചിലരൊക്കെ ചെയ്യുന്നതാണ്. നിയന്ത്രണാതീതമായിട്ടുള്ള ചില ഗ്രൂപ്പുകളുടെ പ്രവർത്തനമായാണ് താൻ അതിനെ കണക്കാക്കുന്നത്. ഇത്തരം ചർച്ചയിൽ താൻ സജീവമായി പങ്കെടുക്കാത്തതിന്റെ കാരണം സമുദായ സൗഹാർദത്തിൽ ഭിന്നതയുണ്ടാകാതിരിക്കാനാണെന്നും ആലഞ്ചേരി പറയുന്നു.
അതേസമയം, അഭിമുഖത്തിന്റെ തലവാചകം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിറോ മലബാർസഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പ്രതികരിച്ചു. പത്രത്തെ അതൃപ്തി അറിയിച്ചു. സർക്കാറുമായി ഏറ്റുമുട്ടലിന് സഭ പോകാറില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാറുകളോട് നല്ല ഇടപെടലാണ് സഭ നടത്തുന്നത്. സർക്കാർ നൽകുന്ന സുരക്ഷിതത്വം അനുസരിച്ച് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്ന സമാധാന പ്രിയരായ ആളുകളാണ് സഭയിലുള്ളത്. ഭരണകർത്താക്കളുമായി നല്ല നിലയിൽ മുന്നോട്ടുപോകുന്നുവെന്നാണ് മാർ ആലഞ്ചേരി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.