"പരിഷ്കൃത സമൂഹത്തിനേറ്റ കളങ്കം"; സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി

ഔറംഗാബാദ്:രാജ്യത്ത് സെപ്റ്റിക് ടാങ്ക് ശുചീകരണം ഇപ്പോഴും മനുഷ്യർ തന്നെ നിർവഹിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ കളങ്കമാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് നിരീക്ഷിച്ചു. നന്ദേഡ് ജില്ലയിൽ സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ ശ്വാസംമുട്ടി മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു.

സുരക്ഷാ ഉപകരണങ്ങളില്ലാതെ സെപ്റ്റിക് ടാങ്കിലിറങ്ങി മരിച്ച തൊഴിലാളികളുടെ മരണത്തെ, ഭരണഘടനാപരമായ തുല്യതയ്ക്കും അന്തസ്സിനും നേരെയുള്ള വലിയൊരു വെല്ലുവിളിയായാണ് കോടതി വിശേഷിപ്പിച്ചത്. ജസ്റ്റിസ് നിതിൻ ബി. സൂര്യവംശി, ജസ്റ്റിസ് വൈശാലി പാട്ടീൽ-ജാദവ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2021-ലാണ് ദാരുണമായ സംഭവം നടന്നത്. മരണങ്ങൾ സമൂഹത്തിന്റെ കൂട്ടായ പരാജയമാണെന്ന് വ്യക്തമാക്കിയ കോടതി, ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ തുക കൈമാറണമെന്ന് നിർദ്ദേശിച്ചു. നഷ്ടപരിഹാരം നൽകാൻ വൈകിയാൽ 6 ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാരിന്റെ വാദം തള്ളി കോടതി

തങ്ങൾ ഇതിനകം 2.25 ലക്ഷം രൂപ വീതം സഹായധനം നൽകിയിട്ടുണ്ടെന്നും, ബാക്കി തുക സ്വകാര്യ വ്യക്തിയിൽ നിന്ന് ഈടാക്കണമെന്നുമായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ, സർക്കാർ വാദം തള്ളിക്കളഞ്ഞ കോടതി, നഷ്ടപരിഹാരം നൽകാൻ സംസ്ഥാനം ബാധ്യസ്ഥരാണെന്ന് ഉത്തരവിട്ടു. തൊഴിലാളികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചായിരുന്നു സുപ്രധാന ഇടപെടൽ. കൂലിപ്പണി ചെയ്ത് മകനെ വളർത്തുന്ന ഭാര്യയും, മകനെ നഷ്ടപ്പെട്ട് മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന വൃദ്ധ മാതാപിതാക്കളുമടങ്ങുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥ കോടതി പ്രത്യേകമായി പരാമർശിച്ചു. പുനരധിവാസ പദ്ധതികളിലുള്ള ഇവരുടെ അർഹത പരിശോധിച്ച് 12 ആഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കോടതി നിർദ്ദേശം നൽകി.

രാജ്യത്ത് മാനുവൽ സ്കാവഞ്ചിംഗ് 2013-ലെ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെങ്കിലും നിയമം കടലാസിൽ ഒതുങ്ങുന്നതാണ് സ്ഥിതി. സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെത്തന്നെ ഇത്തരം മരണങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. ദളിത് ആദിവാസി ശക്തി അധികാർ മഞ്ചിന്റെ (DASAM) കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരി മുതൽ ജൂൺ വരെ മാത്രം 55 ശുചീകരണ തൊഴിലാളികളാണ് രാജ്യത്ത് ഇത്തരത്തിൽ മരണപ്പെട്ടത്. യന്ത്രവൽക്കരണത്തിലെ കുറവും, ജാതീയമായ വേർതിരിവുകളും, നിയമം നടപ്പിലാക്കുന്നതിലെ അനാസ്ഥയുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ ഈ ഉത്തരവ് സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്.

Tags:    
News Summary - Bombay High Court awards Rs 30 lakh compensation to families of those who died during septic tank cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.