ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
മീൻചന്ത പോലെ കോടതിയെ കാണരുത്; ബഹളം വെച്ച അഭിഭാഷകരെ ശാസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഒരേസമയം സബ്മിഷനുകൾ നടത്താൻ ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തിയ അഭിഭാഷകരെ ശാസിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിമുറിയിലെ പെരുമാറ്റ രീതിയെ ചോദ്യം ചെയ്ത് ഓരോരുത്തരായി എന്തുകൊണ്ടാണ് വാദങ്ങൾ ഉന്നയിക്കാത്തതെന്നും കോടതി മീൻചന്ത പോലെ ആക്കുന്നത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഓർഡർ ഓർഡർ എന്ന് പറയുന്നത് കേൾക്കുന്നില്ലേയെന്ന് ആരാഞ്ഞ കോടതി, അഭിഭാഷകർ തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോക്രോച് ജനതാ പാർട്ടിയുടെ പ്രതിഷേധ വേളയിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച വിഷയം പരിഗണിക്കുമ്പോഴാണ് കോടതിയുടെ ശാസന. നിരീക്ഷണ സാങ്കേതിക വിദ്യയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ന്യായീകരിച്ചപ്പോൾ അത്തരം വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് നിയമപരമായ ആവശ്യം നിറവേറ്റുമോയെന്ന് കോടതി ചോദിച്ചു.
അത്തരം വിവരങ്ങൾ നിയമാനുസൃത ലക്ഷ്യങ്ങൾക്ക് അത്യാവശ്യമായി കണക്കാക്കാനാകുമോ എന്നായിരുന്നു ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഉയർത്തിയ സംശയം. വിവേചനരഹിതമായി നടപടി എടുക്കാനല്ല, അന്വേഷണത്തിന്റെ ഭാഗമായി അത്തരം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക മാത്രമാണെന്ന് തുഷാർ മേത്ത ബോധിപ്പിച്ചു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവരുടെ ഉത്തരവാദിത്തവും വിദേശ പൗരന്മാർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും കോടതിയുടെ പരിഗണനയിൽ വന്നു.
പ്രകടനങ്ങൾ നടത്തുമ്പോൾ ഉത്തരവാദിത്തം സംഘാടകർക്കാണെന്ന് മുതിർന്ന അഭിഭാഷകൻ മഹേഷ് ജത്മലാനി വാദിച്ചു. വിദേശികൾക്കും, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ പൗരന്മാർക്കുള്ള അതേ അവകാശം ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.