അനിൽ അംബാനി ഗ്രൂപ്പിന്റെ 23,100 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇ.ഡി; രണ്ട് വിമാനങ്ങളും കാറ്റാടിയന്ത്രങ്ങളും ഭൂമിയും ഉൾപ്പെടും
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വിവിധ കേസുകളിലായി ഇതുവരെ 23,100 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയതായി ഇ.ഡി. അറിയിച്ചു. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, കാറ്റാടിയന്ത്രങ്ങൾ, ഭൂമിയിടങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, മറ്റ് സ്ഥാവര സ്വത്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ), വിദേശനാണയ വിനിമയ ചട്ടം (ഫെമ) എന്നിവ പ്രകാരമാണ് നടപടി. ഏറ്റവും പുതിയ നടപടിയുടെ ഭാഗമായി വിമാനങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, ബാങ്ക് ബാലൻസ്, വിവിധ നിക്ഷേപങ്ങൾ, ലഭിക്കാനുള്ള തുകകൾ എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്.
റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ട 247.12 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് ചാർട്ടേഡ് വിമാനങ്ങളും മഹാരാഷ്ട്രയിലെ ആറ് ഭൂമിയിടങ്ങളും ഒരു ഓഫീസ് കെട്ടിടവുമാണ് ഇ.ഡി. കണ്ടുകെട്ടിയത്.
റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട 263.05 കോടി രൂപയുടെ ക്രമക്കേടിലാണ് മറ്റൊരു നടപടി. തമിഴ്‌നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങൾക്കു പുറമെ ബാങ്ക് നിക്ഷേപങ്ങളും സ്ഥിരനിക്ഷേപങ്ങളും മറ്റ് ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്.
സി.ബി.ഐ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെയും ഡൽഹി, മുംബൈ പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. വിദേശനാണയ വിനിമയ ചട്ടപ്രകാരവും രണ്ട് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.
ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പൊതുപണം വകമാറ്റിയതായും പാപ്പരത്ത നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്ത് കമ്പനികളുടെ ആസ്തികൾ വ്യക്തിഗത ആവശ്യങ്ങൾക്കായി മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. ഇന്ത്യയിൽനിന്ന് വിദേശ രാജ്യങ്ങളിലെ നികുതി ഇളവുള്ള കേന്ദ്രങ്ങളിലേക്ക് പണം കടത്തിയതായും ഏജൻസി ആരോപിക്കുന്നു.
വകമാറ്റിയ പണത്തിന്റെ വലിയൊരു ഭാഗം ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അനിൽ അംബാനി ഗ്രൂപ്പിനെതിരായ വിവിധ കേസുകളിൽ ഇതുവരെ കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്ത ആസ്തികളുടെ ആകെ മൂല്യം ഏകദേശം 23,100 കോടി രൂപയാണെന്ന് ഇ.ഡി. വ്യക്തമാക്കി.
റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ തുടങ്ങിയ കമ്പനികളാണ് അന്വേഷണപരിധിയിലുള്ളത്. ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചതായും ഇ.ഡി വ്യക്തമാക്കി. വിദേശനാണയ വിനിമയ ചട്ടപ്രകാരം ഒരു പരാതിയും ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.