ഇതിനെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹർജിയിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്ക് മറുപടി നൽകവെ ഇതിനെ അത്ര വൈകാരികമായി കാണേണ്ടതില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിവാദമായ പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിട്ടും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് പൊതുതാൽപര്യ ഹർജി സമർപ്പിച്ച അഭിഭാഷകൻ പറഞ്ഞു. ഇതിനു മറുപടിയായാണ് ചിഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതിനെ അത്ര വൈകാരികമായി കാണേണ്ടതില്ലെന്ന് പ്രതികരിച്ചത്.

ഈ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. യുവാക്കളെ കോക്രോച്ചുമായി താരതമ്യം ചെയ്ത ചീഫ് ജസ്റ്റിസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അത് പിന്നീട് കോക്രോച്ച് ജനതാ പാർട്ടി എന്ന പുതിയൊരു പാർട്ടിയുടെ രൂപീകരണത്തിനു വരെ കാരണമായി. മുതിർന്ന അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വിവാദ പരാമർശം.

വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്നവരെ ഉദ്ദേശിച്ച് നടത്തിയ തന്‍റെ പരാമർശത്തെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തെറ്റായി ചിത്രീകരിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദ പരാമർശം ഇന്ത്യയിലെ യുവാക്കളിൽ വളരെ പെട്ടെന്നാണ് ചലനം സൃഷ്ടിച്ചത്. കോക്രോച്ച് ജനതാ പാർട്ടി എന്ന പുതിയ പാർട്ടി ഉണ്ടാവുകയും സൈബറിടത്തിൽ പാർട്ടിക്ക് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കോക്രോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപര്യ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Chief Justice Suryakant responds to petition against Cockroach Janata Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.