റായ്പൂർ: ഛത്തീസ്ഗഢിലെ മാനേന്ദ്രഗഡിലെ വിവരാവകാശ പ്രവർത്തകൻ രാംശങ്കര്‍ ഗുപ്ത തന്റെ പോരാട്ടത്തിന്റെ ഭാഗമായി ഒരു ശപഥമെടുത്തത് 21 വർഷം മുമ്പാണ്. മാനേന്ദ്രഗഡ് ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിച്ചേ ഇനി താടി വടിക്കൂ എന്നായിരുന്നു 2001ൽ അദ്ദേഹം എടുത്ത പ്രതിജ്ഞ. വെള്ളിയാഴ്ച സംസ്ഥാനത്തെ 32ാം ജില്ലയായി മാനേന്ദ്രഗഡ്-ചിര്‍മിരി ഭരത്പൂർ (എം.സി.ബി) ഔദ്യോഗികമായി നിലവിൽ വന്നതോടെ രണ്ട് പതിറ്റാണ്ടായി നീട്ടിവളർത്തിയ താടി അദ്ദേഹം എടുത്തു കളഞ്ഞു. ജില്ല കലക്ടർക്കുള്ള ആദ്യ നിവേദനവും ഗുപ്ത സമർപ്പിച്ചു.
പുതിയ ജില്ലക്കായി പോരാടിയവരിലെ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് രാംശങ്കർ. ജില്ലയുടെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് മാത്രമേ താടി വടിക്കൂവെന്ന തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ തന്റെ നീണ്ട താടി അദ്ദേഹം ഒഴിവാക്കി.
''40 വര്‍ഷമായി പോരാട്ടം തുടങ്ങിയിട്ട്. ഒരുപക്ഷേ ജില്ല യാഥാര്‍ഥ്യമായില്ലായിരുന്നെങ്കില്‍ ഒരിക്കലും താടി വടിക്കില്ലായിരുന്നു. പോരാട്ടം നടത്തിയ മറ്റാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല'' -ഗുപ്ത പറഞ്ഞു. നീണ്ടകാലത്തെ ആവശ്യം സാക്ഷാത്കരിച്ച സര്‍ക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനും നന്ദിയറിയിക്കുന്നുവെന്നും സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മാതൃക ജില്ലയായി മാനേന്ദ്രഗഡ് ചിര്‍മിരി ഭരത്പൂര്‍ മാറുമെന്ന് പ്രത്യാശിക്കുന്നെന്നും ഗുപ്ത പറഞ്ഞു. പുതിയ ജില്ല നിലവില്‍ വന്നതിന് പിന്നാലെ 200 കോടി രൂപയുടെ വികസന പദ്ധതികളും ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.