ന്യൂഡൽഹി: വിമാന ജീവനക്കാർക്കുള്ള പുതുക്കിയ വിമാന ജോലി സമയ നിയന്ത്രണ മാനദണ്ഡങ്ങൾ വ്യോമയാന സുരക്ഷാ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) പുറത്തിറക്കി. വിശ്രമസമയം ആഴ്ചയിൽ 48 മണിക്കൂറാക്കുകയും രാത്രി ഡ്യൂട്ടി ആറിൽനിന്ന് രണ്ടായി കുറക്കുകയും ചെയ്തു.
ജീവനക്കാരുടെ ശാരീരിക ക്ഷീണവും വ്യോമയാന സുരക്ഷാ അപകടസാധ്യതകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ജൂൺ ഒന്നിന് മുമ്പ് വിമാനക്കമ്പനികൾ പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പൈലറ്റുമാരുടെ ജോലി സമയവും ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വിമാന ഓപറേറ്റർമാർ തയാറാക്കിയ നിരവധി റിപ്പോർട്ടുകൾ ഡി.ജി.സി.എ വിശകലനം ചെയ്തിരുന്നു. ഇതുവഴി പരമാവധി ജോലി സമയം, രാത്രി ഡ്യൂട്ടി, പ്രതിവാര വിശ്രമ കാലയളവ് തുടങ്ങി ക്ഷീണമുണ്ടാക്കുന്ന ചില പ്രധാന മേഖലകൾ തിരിച്ചറിഞ്ഞു. അമേരിക്കയിലെയും യൂറോപ്പിലെയും രീതികളും പഠിച്ചു.
പുതുക്കിയ ചട്ടപ്രകാരം വിമാന ജീവനക്കാർക്ക് ആഴ്ചതോറുമുള്ള വിശ്രമ കാലയളവ് 36 മണിക്കൂറിൽനിന്ന് 48 മണിക്കൂറാക്കി. രാത്രിയുടെ നിർവചനം ഭേദഗതി ചെയ്ത് ഒരു മണിക്കൂർകൂടി കൂട്ടി. നേരത്തേ രാത്രി 12 മുതൽ രാവിലെ അഞ്ചുവരെ ആയിരുന്നു രാത്രി ഡ്യൂട്ടിയായി പരിഗണിച്ചത്. ഇത് 12 മുതൽ ആറുമണിവരെയാക്കി. രാത്രിയിൽ ലാൻഡിങ് ഡ്യൂട്ടിയുടെ എണ്ണം പരമാവധി ആറെണ്ണമെന്നത് രണ്ടാക്കി ചുരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.