ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും

അമരാവതി: അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും കഴിക്കാൻ വീട്ടിൽ പാകം ചെയ്ത ഭക്ഷണവും.

73 കാരനായ നായിഡുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രത്യേകം പാർപ്പിക്കാൻ രാജമഹേന്ദ്രവാരം സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് എ.സി.ബി കോടതി നിർദേശിച്ചു. നായിഡുവിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണവും ജയിലിൽ പ്രത്യേക മുറിയും മരുന്നും ഉൾപ്പെടെ എല്ലാ പ്രത്യേക സൗകര്യങ്ങളും നൽകാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയതായും ജഡ്ജി ഉത്തരവിട്ടു.

തടങ്കൽ ഉത്തരവിൽ നായിഡുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും അന്വേഷണം പൂർത്തിയാക്കാൻ 24 മണിക്കൂർ പര്യാപ്തമല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കനത്ത സുരക്ഷയിലാണ് നായിഡുവിനെ വിജയവാഡയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള രാജമഹേന്ദ്രവാരത്തെ ജയിലിലേക്ക് അയച്ചത്. 'താനും തന്റെ പിതാവും പോരാളികളാണ്' -മകനും ടി.ഡി.പി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് പറഞ്ഞു.

പോരാട്ടത്തിൽ തന്നോടൊപ്പം ചേരാൻ ആളുകളോട് ആഹ്വാനം ചെയ്തു. കോടികളുടെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച രാത്രിയാണ് വിജയവാഡയിലെ എ.സി.ബി കോടതി നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഡി.ഐ.ജി രഘുരാമി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ആ.കെ ഹാളിൽ പ്രവർത്തിക്കുന്ന നായിഡുവിന്റെ ക്യാമ്പിലെത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസെത്തുമ്പോൾ നായിഡു കാരവനിൽ വിശ്രമിക്കുകയായിരുന്നു.

Tags:    
News Summary - Chandrababu Naidu has a separate room in jail and home cooked food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.