കഴിഞ്ഞ 12 മാസത്തിനിടയിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞത് 154 പൊലീസ് ഉദ്യോഗസ്ഥർ; അനുസ്മരിച്ച് നാഗാലാൻഡ് എഡിജിപി

കൊഹിമ: പൊലീസ് യൂണിഫോം എന്നത് എപ്പോഴും പൊതുജനങ്ങളുടെ വിശ്വാസത്തിന്റെയും സുരക്ഷയുടെയും ത്യാഗത്തിന്റെയും പ്രതീകമായി നിലകൊള്ളണമെന്ന് നാഗാലാൻഡ് എഡിജിപി റെഞ്ചാമോ പി കികോൺ. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഉദ്യോഗസ്ഥരുടെ മാതൃകയും പാരമ്പര്യവും സേവനത്തിലുള്ള ഓരോ പൊലീസുകാരനും എക്കാലത്തും വഴികാട്ടിയായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നാഗാലാൻഡ് പൊലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് അനുസ്മരണ ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരരായ പൊലീസുകാർക്ക് ചടങ്ങിൽ എഡിജിപി ആദരാഞ്ജലികൾ അർപ്പിച്ചു. ഒപ്പം അവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. 12 മാസത്തിനിടയിൽ രാജ്യത്തുടനീളം ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ 154 പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധീരരായ ആ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുടെ നഷ്ടം നികത്താനാവാത്തതാണെന്നും സമൂഹം ഇന്ന് അനുഭവിക്കുന്ന സമാധാനം പൊലീസ് ഉദ്യോഗസ്ഥരുടെ കഠിനമായ ആത്മസമർപ്പണത്തിലൂടെയാണ് കൈവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീരമൃത്യു വരിച്ച സഹപ്രവർത്തകരെ ആദരിക്കാനുള്ള ഏറ്റവും നല്ല വഴി അവർ എന്തിനുവേണ്ടിയാണോ ജീവൻ വെടിഞ്ഞത് ആ ഉദാത്തമായ ആശയങ്ങൾ ജീവിതത്തിൽ പാലിക്കുക എന്നതാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും പൗരന്മാരെ സത്യസന്ധതയോടും കാരുണ്യത്തോടും കൂടി സേവിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പ്രതിബദ്ധത കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

1959 ഒക്ടോബർ 21-ന് ലഡാക്കിലെ ഹോട്ട് സ്പ്രിങ്സിൽ വെച്ച് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസുകാരുടെ ഓർമ്മപുതുക്കാനാണ് ഈ ദിനം ആചരിക്കുന്നത്. ഒക്ടോബർ ഏഴിന് നാഗാലാൻഡിൽ നിന്ന് ആരംഭിച്ച ഏഴ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന 2,845 കിലോമീറ്റർ മോട്ടോർസൈക്കിൾ പര്യടനം അടക്കമുള്ള വിവിധ പരിപാടികളും പൊലീസ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്.

Tags:    
News Summary - 154 police officers laid down their lives for the country in the last 12 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.