ജന്തർ മന്തറിന് പകരം സമരങ്ങൾക്ക് പുതിയ സ്ഥലം? പരിശോധിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തുന്ന കാര്യം പരിഗണിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സി.ജെ.പി, പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാൻ മെട്രോ സ്റ്റേഷനുകൾ അടച്ചതിനെതിരെ നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ജന്തർ മന്തറിനു പകരം, സമരക്കാർക്ക് ആവശ്യമായ സൗകര്യങ്ങളോടെ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സർക്കാറിനോടു നിർദേശിച്ചു.

സി.ജെ.പിക്കും യൂത്ത് കോൺഗ്രസിനും ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ചെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. പകരം രാംലീല മൈതാനം അനുവദിക്കുന്ന കാര്യം പരിഗണിച്ചില്ലെന്നും പറഞ്ഞു. ജന്തർ മന്തറിൽ അനുമതി നൽകിയില്ലെങ്കിൽ രാംലീല മൈതാനത്ത് അനുമതി നൽകണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷനും പറഞ്ഞു. ജന്തർ മന്തറിൽ ഒട്ടേറെ പരിമിതികളുണ്ടെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. പല സർക്കാർ ഓഫിസുകളും ഈ പരിസരത്തുണ്ട്. ഇതിനോട് ചേർന്ന് ചില എം.പിമാർ താമസിക്കുന്നുമുണ്ട്. നിയന്ത്രണങ്ങൾ അവരെ പ്രതികൂലമായി ബാധിക്കുന്നു.

മാത്രമല്ല, സമരക്കാർക്ക് ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ടെന്നും പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ജന്തർ മന്തറിലേക്ക് ചികിത്സാ സൗകര്യങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടാണെന്നു സോളിസിറ്റർ ജനറൽ പറഞ്ഞു. സമരങ്ങൾക്കിടെ പ്രതിഷേധക്കാർക്ക് അസുഖം വന്നാൽ ഇവിടേക്ക് ആംബുലൻസ് എത്തിക്കുക എളുപ്പമല്ലെന്നും പറഞ്ഞു അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധസമരത്തിന്റെ മുന്നോടിയായി ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി മുതൽ അടച്ചിട്ടേക്കും. സ്റ്റേഷനുകളിലേക്കുള്ള പ്രവേശനകവാടം അടക്കണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷന് (ഡി.എം.ആർ.സി) പൊലീസ് നിർദേശം നൽകിയതിന് പിന്നാലെയാണ് നീക്കത്തിനൊരുങ്ങുന്നത്. രാത്രി ഒമ്പത് മണി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിർദേശം. നിലവിലെ അന്തരീക്ഷം പൂർവസ്ഥിതിയിലാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരാനും നിർദേശമുണ്ട്.

ട്രാൻസ്പോർട്ട് റേഞ്ച് ജോയിന്റ് കമീഷണർ ഡി.എം.ആർ.സിയുടെ മാനേജിങ് ഡയറക്ടർ വികാസ് കുമാറിന് ഒക്ടോബർ എട്ടിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമരക്കാർ കൂട്ടത്തോടെ എത്താനും പ്രക്ഷോഭബാധിത മേഖലകളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിർദിഷ്ട സ്റ്റേഷനുകളിലെ മെട്രോ സർവിസ് ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർ മന്തറിന് ചുറ്റും 4 കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, വ്യാപക നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെ അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം 45 ആയി കുറച്ചു. നിയന്ത്രണങ്ങൾ ഒക്ടോബർ 10 വൈകിട്ട് 6 മണിവരെ തുടരുമെന്നാണ് അറിയിപ്പ്.

Tags:    
News Summary - Centre Considers New Protest Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.