ജന്തർ മന്തർ 2.0: പൊലീസ് കസ്റ്റഡിയിലായവരിൽ ബി.ജെ.പി മുൻ എം.എൽ.എയുടെ മകളും

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബി.ജെ.പി. എം.എൽ.എ. വിക്രം സിങ്ങിന്റെ മകൾ യശസ്വിനി രാജെ സിങ്ങും ഉൾപ്പെടുന്നു. "പാർക്കിൽ ഇരുന്നതിന് ബംഗ്ലാ സാഹിബിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്," അവർ എക്സിൽ കുറിച്ചു. യു.പി.യിലെ ഫത്തേപൂർ സദർ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖ ബി.ജെ.പി നേതാവും മുൻ എം.എൽ.എ.യുമായ വിക്രം സിങ്ങിന്റെ മകളാണ് യശസ്വിനി.

ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ-ജൂലൈ മാസങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് യശസ്വിനി രാജെ ശ്രദ്ധ നേടിയത്. ആ സമയത്ത് സി.ജെ.പി. പ്രചാരണത്തെ അവർ സജീവമായി പിന്തുണച്ചിരുന്നു. സമരം തടയുന്നതിനായി സി.ജെ.പി. സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്കെ, കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരുൾപ്പെടെയുള്ള സി.ജെ.പിയുടെ പ്രധാന മുഖങ്ങളെ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ, കെ.കെ. ശൈലജ, ജോൺ ബ്രിട്ടാസ് എം.പി., കെ.എൻ. ബാലഗോപാൽ, ബൃന്ദ കാരാട്ട്, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന സി.പി.എം നേതാക്കളെയും ജന്തർ മന്തറിലെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് സി.ഇ.സി.ക്കെതിരെ സി.ജെ.പി. ആഹ്വാനം ചെയ്ത പ്രകടനത്തിനായി പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് എത്തുന്നതു തടയാൻ 35,000-ത്തിലധികം സുരക്ഷാ സേനയെയാണ് പോലീസ് വിന്യസിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമാകാനിരുന്ന ജന്തർ മന്തർ മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം നിഷേധിച്ച് പൂർണ്ണമായും അടച്ചുപൂട്ടി. ബന്ധിപ്പിക്കുന്ന റോഡുകളും ബാരിക്കേഡ് വെച്ച് സുരക്ഷാ സേന കാവലേർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ജന്തർ മന്തറിൽ സമരം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - BJP leader's daughter detained near Bangla Sahib amid CJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.