ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 20 ദിവസമായി നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനും പഞ്ചാബ് ഡി.ജി.പിയും സന്ദർശിച്ചു. ദല്ലേവാളിനെ ഉടൻ കാണണമെന്ന് രണ്ട് ദിവസം മുമ്പ് കേന്ദ്രത്തിനും പഞ്ചാബ് സർക്കാറിനും സുപ്രീംകോടതി നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തിന് വൈദ്യസഹായം നൽകാനും അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ വാദം കേൾക്കാനും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുമാണ് തങ്ങൾ വന്നതെന്ന് കൂടിക്കാഴ്ചക്കുശേഷം ഡി.ജി.പി പറഞ്ഞു. 70 കാരനും കാൻസർ രോഗിയുമായ ദല്ലേവാൾ നവംബർ 26 മുതൽ പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ഖനൗരിയിലാണ് നിരാഹാരം കിടക്കുന്നത്. ആരോഗ്യാവസ്ഥ മോശമായ ദല്ലേവാളിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, മരണം വരെ നിരാഹാരമിരിക്കുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.