ഹജ്ജ് നയം പുനഃപരിശോധിക്കാന്‍ ആറംഗ സമിതി

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി ഒഴിവാക്കുന്നതടക്കം ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അഫ്സല്‍ അമാനുല്ലയായിരിക്കും സമിതി തലവന്‍ എന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മുന്‍ ബോംബെ ഹൈകോടതി റിട്ട. ജഡ്ജി എസ്.എസ്. പാര്‍ക്കര്‍, മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖെസര്‍ ശമീം, എയര്‍ ഇന്ത്യ മുന്‍ സി.എം.ഡി മിഷേല്‍ മസാറെനാസ്, കമാല്‍ ഫാറൂഖി എന്നിവര്‍ അംഗങ്ങളായ സമിതിയില്‍ ന്യൂനപക്ഷ മന്ത്രാലയ ജോയന്‍റ് സെക്രട്ടറി ജെ. ആലം മെംബര്‍ സെക്രട്ടറിയാകും. 2022ഓടെ ഹജ്ജ് സബ്സിഡി ക്രമാനുഗതമായി എടുത്തുകളയണമെന്ന് സുപ്രീംകോടതി 2012ല്‍ വിധി പുറപ്പെടുവിച്ചിരുന്നുവെന്നും ഇത് പ്രയോഗവത്കരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും സമിതി സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഹജ്ജ് തീര്‍ഥാടന നയം എങ്ങനെ മെച്ചപ്പെടുത്താമെന്നത് സംബന്ധിച്ച് ഒന്ന് രണ്ട് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹജ്ജ് സബ്സിഡി ഇല്ലാതെയും കുറഞ്ഞ നിരക്കില്‍ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് പോകാന്‍ കഴിയുമോ എന്ന കാര്യം സമിതി ആരായും. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും കൂടുതല്‍ ഇളവുകള്‍ ഹാജിമാര്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും സമിതി പഠിക്കും.

ഹജ്ജ് സബ്സിഡി സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്ന് മന്ത്രി പറഞ്ഞു. സബ്സിഡി നിര്‍ത്തണമെന്നും തുടണമെന്നും പറയുന്നവരുണ്ട്.  എയര്‍ ഇന്ത്യയുടെ മാത്രം കുത്തകയാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. ഇതെല്ലാം സമിതി പരിശോധിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായമാരായും. യാത്ര നിരക്ക് കുറക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ എല്ലാം പരിശോധിക്കും എന്നായിരുന്നു മറുപടി. ഹജ്ജ് നയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മുഴുവന്‍ വശങ്ങളും പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

സ്വകാര്യ ഓപറേറ്റര്‍മാരുടെ സുതാര്യതയും തീര്‍ഥാടകരുടെ സംതൃപ്തിയും ഉറപ്പുവരുത്തും. 2012ല്‍ പുറപ്പെടുവിച്ച വിധിയില്‍ ഹജ്ജ് സബ്സിഡിക്ക് ഒരു വര്‍ഷം ഉപയോഗിക്കുന്ന 650 കോടി രൂപ മുസ്ലിം സമുദായത്തിന്‍െറ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഹറമിന്‍െറ വികസനം പൂര്‍ത്തിയാക്കിയതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട 1,70,520 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - central hajj policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.