രാജ്യസഭയിലെ ഹരജി കമ്മിറ്റി അധ്യക്ഷനായി രാഘവ് ചദ്ദയെ നിയമിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അടുത്തിടെ ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാംഗം രാഘവ് ചദ്ദയെ രാജ്യസഭയിലെ ഹരജി കമ്മിറ്റി (കമ്മിറ്റി ഓൺ പെറ്റീഷൻസ്) അധ്യക്ഷനായി നിയമിച്ചു. മേയ് 20 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം.

രാജ്യസഭ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സമിതി പുനഃസംഘടിപ്പിച്ചുകൊണ്ട് രാഘവ് ചദ്ദ ഉൾപ്പെടെ 10 അംഗങ്ങളെ സമിതിയിലേക്ക് നാമനിർദേശം ചെയ്തതായി രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

ഹർഷ് മഹാജൻ, ഗുലാം അലി, ശംഭു ശരൺ പട്ടേൽ, മായങ്ക് കുമാർ നായക്, മസ്താൻ റാവു യാദവ് ബീധാ, ജെബി മേത്തർ ഹിഷാം, സുഭാശിഷ് ഖുന്തിയ, റംഗ്വ്ര നർസാരി, പി.സന്തോഷ് കുമാർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളാണഅ ജെബി മേത്തറും സന്തോഷ് കുമാറും.

രാഘവ് ചദ്ദയ്ക്ക് പുറമേ, എ.എ.പി എം.പിമരായ അശോക് മിത്തൽ, സന്ദീപ് പഥക്, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധം അറിവായതോടെയായിരുന്നു രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്തുസ്ഥാനത്ത്നിന്ന് ചദ്ദയെ നീക്കം ചെയ്തിരുന്നത്.

ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ടതോടെ ബി.ജെ.പി പഞ്ചാബിലെ ജനങ്ങളെ വീണ്ടും വഞ്ചിച്ചുവെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

Tags:    
News Summary - Central government appoints Raghav Chadha as chairman of Rajya Sabha's Petitions Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.