ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കേ അതിർത്തിക്കപ്പുറത്ത് മിന്നലാക്രമണം രാജ്യം പ്രതീക്ഷിച്ചിരിക്കുന്നതിനിടയിൽ പ്രതിപക്ഷത്തിന് നേർക്കുള്ള സർക്കാറിന്റെ ആഭ്യന്തരമായ രാഷ്ട്രീയ മിന്നലാക്രമണമായി ജാതി സെൻസസ്.
കേന്ദ്ര മന്ത്രിസഭയും സുരക്ഷക്കും രാഷ്ട്രീയ കാര്യങ്ങൾക്കുമുള്ള മന്ത്രിസഭ സമിതികളും ഒന്നിന് പിറകെ ഒന്നായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ബുധനാഴ്ച ഈ ദിശയിലുള്ള തീരുമാനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാരത്തൺ ചർച്ചകൾക്ക് ഒരു ദിവസം മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയും പാകിസ്താന് മേലുള്ള ആക്രമണ നീക്കത്തിന്റെ വെളിച്ചത്തിലാണ് മാധ്യമങ്ങൾ കണ്ടത്. ഇതെല്ലാം പ്രതീക്ഷിച്ചവർക്ക് മേലാണ് ജാതി സെൻസസിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നുവീഴുന്നത്. എന്നാൽ, ആ മിന്നലാക്രമണത്തെ തങ്ങളുടെ വിജയമായി കൊണ്ടാടാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും പ്രതിപക്ഷത്തിന്റെ സമ്മർദത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്നാണ് പ്രതികരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽനിന്ന് ശ്രദ്ധ തെറ്റിക്കാനാണോ കേന്ദ്ര സർക്കാറിന്റെ പൊടുന്നനെയുള്ള ജാതി സെൻസസ് പ്രഖ്യാപനം എന്ന ചോദ്യം കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽ ഗാന്ധി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഉയർന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പാണോ ഇത്തരമൊരു തീരുമാനം സർക്കാറിനെക്കൊണ്ട് എടുപ്പിച്ചത് എന്ന ചോദ്യവുമുണ്ടായി. ഇതാണ് കാരണമെന്ന് താൻ പറയില്ലെന്നായിരുന്നു ഈ രണ്ട് ചോദ്യങ്ങളോടുമുള്ള രാഹുലിന്റെ മറുപടി. ഇത്രയും കാലമായി ജാതി സെൻസസ് ആവശ്യപ്പെട്ടപ്പോൾ ഇതുവരെ എതിർത്തുകൊണ്ടിരുന്ന സർക്കാർ ഇപ്പോൾ എന്തുകൊണ്ട് പെട്ടെന്ന് നടപ്പാക്കാൻ തീരുമാനിച്ചുവെന്ന് തനിക്കറിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിപക്ഷം പൂർണ പിന്തുണ നൽകിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉടൻ നടപടി പ്രതീക്ഷിക്കുന്നുണ്ട് എന്ന് രാഹുൽ ഓർമപ്പെടുത്തുകയും ചെയ്തു.
ജാതി സെൻസസ് പ്രഖ്യാപനംകൊണ്ടും സാമൂഹിക നീതി വിഷയം പ്രതിപക്ഷം ഉപേക്ഷിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി. എപ്പോൾ ഏതുതരത്തിൽ സർക്കാർ ജാതി സെൻസസ് നടപ്പാക്കുമെന്നത് പ്രധാനമാണെന്നും തെലങ്കാന നടത്തിയ ജാതി സർവേ മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിഹാറിന്റെയും തെലങ്കാനയുടെയും ഉദാഹരണങ്ങളിൽ ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസമുണ്ട്. നടക്കേണ്ടത് ജനകീയമായ ജാതി സെൻസസ് ആയിരിക്കണം. ഉദ്യോഗസ്ഥ സെൻസസ് ആകരുത്. അധികാര പങ്കാളിത്തമില്ലാത്ത രാജ്യത്തെ 90 ശതമാനം ജനങ്ങളുടെ പങ്കാളിത്തം ഉദ്യോഗസ്ഥന്മാരിലില്ല. തെലങ്കാന കോർപറേറ്റ് മേഖലയിൽ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾപോലും ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നില്ല. അതേസമയം, ആധുനിക അടിമത്തമായ ജിഗ് തൊഴിലാളികളിൽ 90 ശതമാനവും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളാണ്.
ജാതി സെൻസസ് കഴിഞ്ഞാൽ സാമൂഹിക നീതിക്കായി ജാതി സംവരണത്തിൽ മുന്നോട്ടുപോകണം. പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങൾക്ക് പങ്കാളിത്തം നൽകാൻ സംവരണ പരിധി ഉയർത്തണം. 50 ശതമാനം സംവരണത്തിന് പരമാവധി പരിധി വെച്ചത് അതിന് തടസ്സമാണ്. ആ തടസ്സം നീക്കണം. സ്വകാര്യ മേഖലയിൽ സംവരണത്തിന് നിലവിലുള്ള നിയമം നടപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.