കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ ഗാന്ധി വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കർണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യയും സമീപം
ന്യൂഡൽഹി: നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വെട്ടിലാക്കുന്ന വിധം ജാതി സെൻസസ് ആയുധമാക്കാൻ ഉറച്ച് കോൺഗ്രസ്. അഖിലേന്ത്യ അടിസ്ഥാനത്തിൽ ജാതി സെൻസസ് വേണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പാർട്ടി ഭരിക്കുന്ന രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാതി സെൻസസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും നാലിടത്തെയും മുഖ്യമന്ത്രിമാർ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗം വ്യക്തമാക്കി.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ജാതി സെൻസസിനെ പിന്തുണക്കുന്ന പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു. കോൺഗ്രസ് നയിക്കുന്ന ഒരു സർക്കാർ വന്നാൽ ജനസംഖ്യാനുപാതിക സംവരണത്തിന് ഉതകുന്ന വിധത്തിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി സംവരണത്തിന് 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്നും പ്രമേയത്തിൽ പ്രഖ്യാപിച്ചു. ഇതിനകം മുടങ്ങിയ സെൻസസിന്റെ ഭാഗമായി അഖിലേന്ത്യ തലത്തിൽ ജാതി സെൻസസ് നടത്തും.
ലോക്സഭയിലും നിയമസഭകളിലും പിന്നാക്ക വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തി 33 ശതമാനം വനിത സംവരണം നടപ്പാക്കും. ജാതി സെൻസസ് ജാതിക്കണക്കിന്റെ വിഷയമല്ല, വികസനം, പിന്നാക്ക സ്ഥിതി, ദാരിദ്ര്യം, വിവിധ വിഭാഗങ്ങൾക്ക് അധികാര സ്ഥാപനങ്ങളിൽ കിട്ടുന്ന പ്രാതിനിധ്യം എന്നിവയുടെയെല്ലാം വിഷയമാണെന്ന് പ്രവർത്തക സമിതി തീരുമാനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിലെ ഒട്ടുമിക്ക പാർട്ടികളും ജാതി സെൻസസ് വേണമെന്ന അഭിപ്രായക്കാരാണ്. ചുരുക്കം ചില പാർട്ടികൾക്ക് ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇൻഡ്യ സഖ്യം ഫാഷിസ്റ്റ് സംവിധാനമല്ലാത്തതുകൊണ്ട്, അത്തരം അഭിപ്രായ വ്യത്യാസങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിവില്ല. മറ്റു വിഷയങ്ങൾ എടുത്തിട്ട് അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
എന്നാൽ, ജാതി സെൻസസ് പ്രധാനമാണ്. അത് രാജ്യത്തിന്റെ എക്സ് റേയായി കാണണം. രാജ്യത്ത് ഒ.ബി.സി, ദലിത്, ആദിവാസി, മറ്റു വിഭാഗങ്ങൾ എന്നിവരൊക്കെ എത്രത്തോളമുണ്ട്? രാജ്യത്തിന്റെ പണവും ആസ്തിയും ആനുപാതികമായി അവരുടെ പക്കലുണ്ടോ? രാജ്യത്തിന്റെ ആസ്തി നിയന്ത്രിക്കുന്നത് ആരൊക്കെയാണ്? സർക്കാർ സ്ഥാപനങ്ങളിൽ അവർക്ക് പ്രാതിനിധ്യം എത്രയുണ്ട്? ഇത്തരം പ്രസക്തമായ കാര്യങ്ങൾ അറിയാൻ ജാതി സെൻസസിലൂടെ കഴിയും. കോൺഗ്രസിന്റെ നാലു മുഖ്യമന്ത്രിമാരിൽ മൂന്നു പേരും ഒ.ബി.സി വിഭാഗക്കാരാണ്. ബി.ജെ.പിയുടെ 10 മുഖ്യമന്ത്രിമാരിൽ പിന്നാക്കക്കാർ ആരെങ്കിലുമുണ്ടോ? രാഹുൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.