ന്യൂഡൽഹി: ജാതിസർവേ നടത്തുന്നതിൽനിന്ന് സംസ്ഥാനങ്ങളെ തടയില്ലെന്ന സുപ്രീംകോടതി നിലപാട് ഉൾക്കൊണ്ട് ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ പ്രതിപക്ഷം സമ്മർദമേറ്റി. ബിഹാറിനെ മാതൃകയാക്കി ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് ‘ഇൻഡ്യ’ പാർട്ടികളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
ബിഹാർ സർക്കാറിന് ജാതി തിരിച്ച് സർവേ നടത്താൻ കഴിയുമെങ്കിൽ കേന്ദ്രസർക്കാറിന് ജാതി സെൻസസ് എന്തുകൊണ്ട് കഴിയില്ലെന്ന് ഛത്തിസ്ഗഢിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ചോദിച്ചു. 2021ലെ സെൻസസ് കേന്ദ്രസർക്കാർ ഇനിയും നടത്താതെ താമസിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഭാഗേൽ ഉന്നയിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ജാതി സർവേയിലൂടെ ജനസംഖ്യയുടെ ശാസ്ത്രീയ സ്ഥിതിവിവരമുള്ള രാജ്യത്തെ പ്രഥമ സംസ്ഥാനമായി ബിഹാർ മാറിയെന്ന് ഉപമുഖ്യമന്ത്രിയും രാഷ്ട്രീയജനതാദൾ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളും ബിഹാറിന്റെ മാതൃക പിന്തുടരുമോ എന്നറിയാൻ താൽപര്യമുണ്ട്. എന്നാൽ, സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രസർക്കാറിനായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ചെയ്യേണ്ടതെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. സർവേയിലൂടെ ബിഹാർ നല്ല ഉദാഹരണമായെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി സർവകലാശാല പ്രഫസറും ആർ.ജെ.ഡി രാജ്യസഭാംഗവുമായ മനോജ് ഝാ സർവേഫലത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
മറുഭാഗത്ത് ബിഹാർ ജാതി സെൻസസ് പുറത്തുവന്നതോടെ അങ്കലാപ്പിലായ ബി.ജെ.പി അത് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകകൂടി ചെയ്തതോടെ പൂർണമായും പ്രതിരോധത്തിലായി. പോരായ്മകൾ ചൂണ്ടിക്കാട്ടി ജാതി സർവേയെ ആദ്യം വിമർശിച്ച ബി.ജെ.പി, മാറിയസാഹചര്യത്തിൽ അതിലെ പോരായ്മകളെ വിമർശിക്കാൻ നിൽക്കേണ്ടെന്ന് ബിഹാർ ഘടകത്തിന് നിർദേശം നൽകി. ബിഹാർ ജാതി സർവേയുടെ ആധികാരികത ചോദ്യംചെയ്താൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് പട്നയിൽ പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഓർമിപ്പിച്ചു.
ബിഹാറിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാക്കളായ രവിശങ്കർ പ്രസാദ്, അശ്വിനി കുമാർ ചൗബെ, ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിനൾ എന്നിവർ ജാതി സർവേയുടെ ആധികാരികത ചോദ്യംചെയ്ത് രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം വിമർശനത്തിന് തടയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.