ഭർത്താവ് പണമയക്കാത്തതിന് മക്കളെ തല്ലുന്ന വീഡിയോ: അമ്മക്കെതിരെ കേസെടുക്കാൻ നിർദേശം നൽകും

കുമളി: വിദേശത്തുള്ള ഭർത്താവ് പണം അയക്കാഞ്ഞതിനെ തുടർന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച വീട്ടമ്മ കുരുക്കിലായി. മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു. കുട്ടികളെ ഉപദ്രവിക്കുന്നതായി അഭിനയിക്കുകയായിരുന്നെന്ന മാതാവിന്‍റെ വാദം തെറ്റാണെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി നിരീക്ഷിക്കുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അന്വേഷണ റിപ്പോർട്ട്‌ ചൈൽഡ് വെൽഫെയർ കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

കുട്ടികളെ മർദിക്കുന്ന വീഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസും ചൈൽഡ് ലൈൻ അധികൃതരും അണക്കരയിലെ വീട്ടിലെത്തുകയായിരുന്നു. ഏലത്തോട്ടത്തിൽ ജോലിക്കുപോകുന്ന വീട്ടമ്മ ഇവിടെ നിന്നും ലഭിക്കുന്ന 400 രൂപ ശമ്പളത്തിലാണ് വീട്ടു ചിലവുകൾ നടത്തുന്നത്. ഒരു വർഷം മുമ്പ് വന്നുപോയ ഭർത്താവ് പണം അയക്കാതിരുന്നതാണ് വീട്ടമ്മയെ പ്രകോപിതയാക്കിയത്. ഭർത്താവിനെ സമ്മർദത്തിലാക്കി പണം അയപ്പിക്കാനുള്ള ശ്രമ ഫലമായാണ് സ്വയം വീഡിയോ ചിത്രീകരിച്ചത്. രണ്ട് ആൺ മക്കളുള്ള വീട്ടമ്മ കുട്ടികളുടെ ബെൽറ്റ് തറവാട് വീടിന്‍റെ ചുമരിലേക്ക് ആഞ്ഞടിച്ച് അസഭ്യം പറഞ്ഞ് കുട്ടികളെ ഭീതിപ്പെടുത്തിയായിരുന്നു ‘ചിത്രീകരണമെന്ന്’ പൊലീസ് പറഞ്ഞു.

തറവാട് വീടിനോട് ചേർന്ന താൽകാലിക ഷെഡിലാണ് ഇവരുടെ താമസം. കുട്ടികളുടെ പഠന ചിലവ്, കരാട്ടെ അഭ്യാസ ഫീസ്, ഇരുചക്ര വാഹന കുടിശിക എന്നിവയെല്ലാം പ്രയാസത്തിലായപ്പോഴാണ് ഭർത്താവിനെ ഭയപ്പെടുത്താൻ സ്വന്തമായി വീഡിയോ ചിത്രീകരിച്ചതെന്നാണ് വീട്ടമ്മയുടെ വിശദീകരണം. കുട്ടികളും അമ്മക്കൊപ്പം നിലയുറപ്പിച്ചതോടെ അന്വേഷകർക്കും വഴിമുട്ടി. സഹോദരന്‍റെ ഒരുകുട്ടി ഉൾെപ്പടെ മൂന്ന് കുട്ടികളുടെ ചുമതലയാണ് വീട്ടമ്മക്കുള്ളത്. മക്കളെ അസഭ്യം പറഞ്ഞതിൽ താക്കീത് ചെയ്തെന്നും, ചൈൽഡ് ലൈനോ ബന്ധുക്കളോ പരാതി നൽകിയാൽ കേസെടുത്താൽ മതിയെന്ന നിലപാടിലാണെന്നും വണ്ടന്മേട് പൊലീസ് പറഞ്ഞു.


Tags:    
News Summary - case to register against idukki mother-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.