ഗ്യാനേഷിന്‍റെ രാജിക്കായി പ്രതിപക്ഷം ഇന്നും തെരുവിലേക്ക്; ഉച്ചഭക്ഷണത്തിന് വിളിച്ച് ഖാർഗെ, മമത പങ്കെടുക്കും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി തുടർച്ചയായ മൂന്നാം ദിനവും പ്രതിപക്ഷം പ്രതിഷേധവുമായി ഡൽഹിയുടെ തെരുവിലിറങ്ങും. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉൾപ്പെടെ കൂടുതൽ ഇൻഡ്യ സഖ്യ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നും ഇൻഡ്യ സഖ്യ എം.പിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. രാഷ്ട്രപതിയെ കാണാൻ അനുമതി തേടി ഇൻഡ്യ സഖ്യം കത്തയച്ചിട്ടുണ്ട്. 15 അംഗ സംഘത്തിന് അനുമതി നൽകണമെന്നാണ് ആവശ്യം. 10 സംഘത്തിന് കാണാൻ രാഷ്ട്രപതി അനുമതി നൽകിയതായും വിവരമുണ്ട്. ഉച്ചക്ക് ചേരുന്ന യോഗത്തിൽ രാഷ്ട്രപതിയെ കാണേണ്ട സംഘത്തിൽ ആരൊക്കെ വേണമെന്നതിൽ തീരുമാനമെടുക്കും. എം.പിമാരോട് ഡൽഹി വിട്ടുപോകരുതെന്ന് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്.
ഗ്യാനേഷ് രാജിവെക്കുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. അതിനിടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പ്രിയങ്ക ഗാന്ധി എം.പിക്കെതിരെയും വീണ്ടും ഡൽഹി പൊലീസ് കേസെടുത്തു. എം.പിമാർക്കെതിരെയും നിരവധി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസുകൾ തനിക്ക് മെഡലുകളാണെന്നാണ് രാഹുൽ ഇന്നലെ പ്രതികരിച്ചത്. തനിക്കെതിരെ നിലവിൽ 45 കേസുകളുണ്ടെന്നും 100 ആക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ പരിഹസിച്ചിരുന്നു. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചഭക്ഷണത്തിനുശേഷം ഇന്നലത്തേതിനു സമാനമായി ഇൻഡ്യ സഖ്യ എം.പിമാർ ബസുകളിലാണ് പ്രതിഷേധ സ്ഥലത്തേക്ക് പോകുക.
രാജ്ഘട്ടിലേക്ക് പോകുമെന്നും വിവരമുണ്ട്. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും 10 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥിസംഘടനാപ്രവർത്തകരും ഡൽഹിയിലുണ്ട്. സിജെപിക്കൊപ്പം ഇവരും ചേരുന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കും. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിലെത്തിച്ച് പ്രതിഷേധത്തിന് തടയിടാനാണ് ആഭ്യന്തര വകുപ്പിന്‍റെ നീക്കം. ആം ആദ്മി പാർട്ടിയും ഡിഎംകെയും പ്രക്ഷോഭരംഗത്തു തുടരുന്നതും കേന്ദ്രത്തിനു തലവേദനയാണ്.
ബുധനാഴ്ചയും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത് അസാധാരണ പ്രക്ഷോഭത്തിനാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത സമരത്തെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും എം.പിമാരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റി കസ്റ്റഡിയിലെടുത്തു. രാഹുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു.
സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളുടെ കസ്റ്റഡിക്ക് പിന്നാലെ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. രാത്രി എട്ടുമണിയോടെ രാഹുൽ ഗാന്ധിയെ വിട്ടയച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ഇൻഡ്യ മുന്നണി എം.പിമാർക്ക് കൊണാട്ട് പ്ലേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ ഉച്ചഭക്ഷണ വിരുന്നിന് പിന്നാലെ അപ്രതീക്ഷിത സമരത്തിലേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.