ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും വിമർശിച്ച് സമൂഹ മാധ്യമത്തിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി മധ്യപ്രദേശിൽനിന്നുള്ള കാർട്ടൂണിസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചു.
ഇൻഡോർ ആസ്ഥാനമായുള്ള കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂലൈ 14ന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് അഭിഭാഷക വൃന്ദ ഗ്രോവർ വെള്ളിയാഴ്ച ആവശ്യപ്പെട്ടതിനെത്തുടർന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ജൂലൈ മൂന്നിന് ഹൈകോടതി തള്ളിയിരുന്നു. അഭിഭാഷകനും ആർ.എസ്.എസുകാരനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെയോ മതവിശ്വസത്തെയോ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കാർട്ടൂണിസ്റ്റിനെതിരെ കേസെടുത്തത്.
അതേസമയം, തന്റെ കാർട്ടൂണുകൾ ഭരണകൂടത്തെ ചോദ്യംചെയ്യുന്നതുകൊണ്ടാണ് കേസെടുത്തിരിക്കുന്നതെന്ന് ഹേമന്ത് പ്രതികരിച്ചു. ഇതുവരെ അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.