കാർ വിൽപന നടന്നത് പലതവണ; ആർ.സി മാറ്റം ഒരുവട്ടം

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെ​​ങ്കോട്ടക്ക് സമീപത്തെ സ്ഫോടനത്തിന് കാരണമായ കാർ പലതവണ വിൽപന നടന്നു. എങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ച ആർ.സി മാറ്റം നടന്നത് ഒറ്റത്തവണ. 2013 മോഡലായ ഹരിയാന രജിസ്ട്രേഷൻ നമ്പറുള്ള ഐ 20 കാറിന്റെ രേഖ പ്രകാരമുള്ള ഉടമ ഗുരുഗ്രാമം സ്വദേശി സൽമാനാണ്. മറ്റൊരാളിൽ നിന്നും വാങ്ങിയ കാർ 2014ലാണ് സൽമാൻ തന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. സൽമാനുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ ഓഖ്ല സ്വദേശിയായ ദേവേന്ദ്ര എന്നയാൾക്ക് കാർ വിറ്റതായി പറഞ്ഞു. തുടർന്ന് ദേവേന്ദ്രയുമായി ബന്ധപ്പെട്ടപ്പോൾ ഇത് അംബാലയിലെ ഒരാൾക്ക് വിറ്റുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

പിന്നീട് ജമ്മു-കശ്മീരിലെ പുൽവാമയിലുള്ള ആമിറിന് വിറ്റു. ആമിറിൽനിന്നും ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ. ഉമർ മുഹമ്മദിന്റെ കൈകളിലേക്ക് ഒക്ടോബർ 29 ന് വൈകുന്നേരം എത്തിയെന്നാണ് വിവരം. ആർ.സി രേഖയിലെ ഉടമയായ സൽമാൻ പൊലീസ് കസ്റ്റഡിയിലാണ്.

സാ​ങ്കേതികമായി, ഇത്രയും കൈമാറ്റംനടന്നിട്ടും ആർ.സി രേഖകളിൽ മാറ്റം വരുത്താത്തത് ഗുരുതര വീഴ്ചയാണ്. എന്നാൽ, സെക്കൻഡ് ഹാൻഡ് കാർ വ്യവസായത്തിൽ ഇത് അസാധാരണമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

കാർ ഡൽഹിയിൽ കറങ്ങിയത് മണിക്കൂറുകൾ

പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ 20 2 കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചത് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ. ബദർപുർ ബോർഡർ വഴിയാണ് കാർ ഡൽഹിയിലെത്തിയത്. കാർ 8.13ന് ബദർപുർ ബോർഡർ ടോൾ പ്ലാസ കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് 8.20ഓടെ ഓഖ്‍ല ഇൻഡസ്ട്രിയൽ മേഖലയിലെ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിലും കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 3.19നാണ് ചെങ്കോട്ടക്ക് സമീപമുള്ള പാർക്കിങ് ഏരിയയിലേക്ക് വാഹനം പ്രവേശിക്കുന്നത്; 6.22ന് പുറത്തേക്ക് അവിടെനിന്ന് പതുക്കെ നീങ്ങിയ കാർ നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ എത്തുന്നതിന് തൊട്ടുമുമ്പ് 6.52നാണ് പൊട്ടിത്തെറിക്കുന്നത്.

Tags:    
News Summary - Car was sold several times; RC changed once

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.