കൊൽക്കത്ത: വനിത ഡോക്ടർമാരെ സർക്കാർ ആശുപത്രികളിൽ രാത്രി ഷിഫ്റ്റിന് ഡ്യൂട്ടിക്കിടരുതെന്ന ബംഗാൾ സർക്കാർ ഉത്തരവിനെതിരെ സുപ്രീംകോടതി. വനിത ഡോക്ടർമാർക്ക് സുരക്ഷയാണ് ആവശ്യം ഇളവല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബംഗാൾ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ നിർദേശം പുറത്ത് വന്നിരിക്കുന്നത്.
ബലാത്സംഗകൊലയിൽ സ്വമേധയ എടുത്ത കേസിൽ പശ്ചിമബംഗാൾ സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബലിനോട് സ്ത്രീകളെ മാത്രം നിയന്ത്രിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സ്ത്രീകളോട് മാത്രം രാത്രി ജോലി ചെയ്യരുതെന്ന് നിങ്ങൾ എങ്ങനെ പറയും. അവർക്ക് ഇളവ് ആവശ്യമില്ല. അവർ രാത്രിയും ജോലി ചെയ്യാൻ തയാറാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കപിൽ സിബലിനോട് വിഷയം പരിഗണിക്കാൻ നിർദേശിച്ച കോടതി വനിത ഡോക്ടർമാർക്ക് ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകാനും നിർദേശം നൽകി. വനിത ഡോക്ടർമാർക്ക് രാത്രികാലത്ത് സുരക്ഷയൊരുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സൈന്യത്തിന്റെ ഉൾപ്പടെ സഹായം തേടിക്കൊണ്ട് ഇവർക്ക് സുരക്ഷയൊരുക്കാൻ തയാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇതിനൊപ്പം വിക്കിപീഡിയയോട് ആർ.ജികർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് നീക്കം ചെയ്യാനും സുപ്രീംകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.