ഉപതെരഞ്ഞെടുപ്പ്: എസ്.പിക്ക് തിരിച്ചടിയായത് അഖിലേഷിന്റെ നിസ്സംഗത

ലഖ്നോ: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.പിയിൽ സമാജ്‍വാദി പാർട്ടിക്ക് തിരിച്ചടിയായത് പ്രസിഡന്റ് അഖിലേഷ് യാദവിന്റെ നിസ്സംഗതയെന്ന് ആക്ഷേപം. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ അഅ്സംഗഢിലും റാംപുരിലും മുസ്‍ലിം വോട്ടുകൾ വഴിമാറിയതാണ് എസ്.പിക്ക് ക്ഷതമായത്. മുസ്‍ലിംകളെ കൂടെ നിർത്താൻ അഖിലേഷ് കാര്യമൊന്നും ചെയ്തില്ലെന്നാണ് പാർട്ടിയിൽനിന്നുതന്നെ വിമർശനമുയരുന്നത്. മറുവശത്ത് ബി.ജെ.പിയാവട്ടെ, നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അലസതയിൽ നിൽക്കാതെ മികച്ച മുന്നൊരുക്കങ്ങളുമായാണ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.പിയുടെ എം.വൈ (മുസ്‍ലിം-യാദവ്) ഫോർമുല പരാജയപ്പെട്ടപ്പോൾ ബി.ജെ.പിയുടെ എം.വൈ (മോദി-യോഗി) ഫോർമുല വിജയിച്ചു എന്നും പറയാം.

നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ അഖിലേഷ് രാജിവെച്ച ഒഴിവിലേക്കായിരുന്നു അഅ്സംഗഢ് ലോക്സഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ്. മോദിതരംഗത്തിനിടയിലും 2014ലും 2019ലും എസ്.പി ജയിച്ച സീറ്റാണ് ഇത്. ഇത്തവണ ബി.ജെ.പിയുടെ ദിനേശ് ലാൽ യാദവിന് 34.39 ശതമാനം വോട്ട് ലഭിച്ചപ്പോൾ എസ്.പിയുടെ ധർമേന്ദ്ര യാദവിന് 33.44 ശതമാനം വോട്ടാണ് കിട്ടിയത്.

എന്നാൽ, ബി.എസ്.പിയുടെ ഗുഡ്ഡു ജമാലി 29.27 ശതമാനം വോട്ടുനേടി. ബി.എസ്.പി മുസ്‍ലിം സ്ഥാനാർഥിയെ നിർത്തിയതിനാൽ മുസ്‍ലിം വോട്ട് ഭിന്നിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് എസ്.പി നേതാക്കളുടെ ന്യായം. അഅ്സംഖാൻ രാജിവെച്ചതിനെ തുടർന്നായിരുന്നു റാംപുരിലെ തെരഞ്ഞെടുപ്പ്. അവിടെ അഅ്സം ഖാന്റെ കുടുംബത്തിൽനിന്നുള്ളയാൾ സ്ഥാനാർഥിയാവാത്തത് തിരിച്ചടിയായതായാണ് വിലയിരുത്തൽ.

Tags:    
News Summary - By-polls: Akhilesh's indifference hits SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.