ന്യൂഡൽഹി: കമ്പനി 'ബോസിന്റെ' വ്യാജ വാട്സാപ്പ് സന്ദേശം വിശ്വസിച്ച് അക്കൗണ്ട്സ് വിഭാഗം ജീവനക്കാരൻ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത് 10 കോടിയിലധികം രൂപ. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനമായ ഐനോക്സ് ഗ്രൂപ്പിന്റെ മുംബൈ ശാഖയിലാണ് രാജ്യം ഞെട്ടിയ ഈ വൻ സൈബർ തട്ടിപ്പ് നടന്നത്. ബോസ് ചമഞ്ഞ് തട്ടിപ്പുകാർ നൽകിയ നിർദേശങ്ങൾ പാലിച്ച് ജീവനക്കാരൻ 63 തവണകളായാണ് വൻ തുക കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 3നാണ് ഐനോക്സ് ഗ്രൂപ്പിന്റെ അക്കൗണ്ട്സ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായ ഗിരീഷ് അമീന് ഒരു അജ്ഞാത നമ്പരിൽ നിന്നും വാട്സാപ്പ് സന്ദേശം ലഭിക്കുന്നത്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സിദ്ധാർത്ഥ് ജെയിൻ ആണ് താനെന്നായിരുന്നു സന്ദേശം അയച്ചയാൾ പരിചയപ്പെടുത്തിയത്. ഇത് തന്റെ വ്യക്തിപരമായ നമ്പറാണെന്നും ആരോടും പങ്കുവെക്കരുതെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
വാട്സാപ്പ് നമ്പറിന്റെ പ്രൊഫൈൽ ചിത്രമായി സിദ്ധാർത്ഥ് ജെയിന്റെ യഥാർത്ഥ ചിത്രം തന്നെയാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ സന്ദേശം അയച്ചത് സ്വന്തം ബോസ് ആണെന്ന് ഗിരീഷ് പൂർണ്ണമായും വിശ്വസിച്ചു. താൻ ഒരു അടിയന്തര മീറ്റിങ്ങിലാണെന്നും അതുകൊണ്ട് ഫോൺ വിളിച്ച് ശല്യപ്പെടുത്തരുതെന്നും വ്യാജ ബോസ് ഗിരീഷിനോട് ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിക്കൊണ്ട് കമ്പനിയുടെ ഫണ്ടിൽ നിന്നും അടിയന്തരമായി പണം കൈമാറാൻ നിർദേശിക്കുകയായിരുന്നു.
ആദ്യ ഘട്ടമായി 46.5 ലക്ഷം രൂപയാണ് ഗിരീഷ് കൈമാറിയത്. പിന്നീട് ജൂൺ 3 മുതൽ ജൂൺ 15 വരെയുള്ള 12 ദിവസങ്ങൾക്കിടയിൽ 'ബോസിന്റെ' നിർദേശപ്രകാരം ഗിരീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 63 തവണകളായി 10,40,71,924 രൂപ (10.4 കോടി രൂപ) കൈമാറി.
ചൊവ്വാഴ്ച കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ഇടപാടുകളുടെ ഇൻവോയ്സുകൾ ആവശ്യപ്പെട്ടുകൊണ്ട് ഗിരീഷ് യഥാർത്ഥ എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിനെ ബന്ധപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. താൻ അങ്ങനെയൊരു നിർദേശവും നൽകിയിട്ടില്ലെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കിയതോടെ ഗിരീഷ് ഉടൻ തന്നെ മുംബൈ പൊലീസിൽ പരാതി നൽകി.
മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചു. ഡൽഹിയിലെ ജസോളയിലുള്ള IDFC ഫസ്റ്റ് ബാങ്ക് ശാഖയിൽ നിന്നും 8 ലക്ഷം രൂപ പിൻവലിക്കാൻ രണ്ട് യുവാക്കൾ എത്തിയതായി സൗത്ത്-ഈസ്റ്റ് ജില്ലാ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാങ്കിലെത്തിയ പൊലീസ് വികാസ്, വൻഷ് എന്നീ പ്രതികളെ തത്സമയം അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ, തങ്ങൾക്ക് ലഭിക്കുന്ന കമ്മീഷൻ തുകക്ക് പകരമായി തട്ടിപ്പ് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകിയതാണെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റത്തിന് സഹായിച്ച ഫയ്യാസ് ആലം, അമിത് എന്നിവരെയും പൊലീസ് പിടികൂടി. സംശയാസ്പദമായ വലിയ ഇടപാടുകളും പണം പിൻവലിക്കലുകളും ഉടനടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി പൊലീസ് ബാങ്കുകൾക്ക് നൽകിയ ഓപ്പറേഷൻ സൈഹോക്ക് നിർദേശമാണ് പ്രതികളെ കൃത്യസമയത്ത് പിടികൂടാൻ സഹായിച്ചത്.
ഈ വൻ തട്ടിപ്പ് ശൃംഖലക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരനെ കണ്ടെത്താനായി ഡൽഹി പൊലീസും മുംബൈ പൊലീസും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വലിയൊരു സൈബർ ക്രിമിനൽ സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.