പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട പൂഞ്ചിലെ മദ്‌റസ അധ്യാപകൻ ഖാരിഅ് മുഹമ്മദ് ഇഖ്ബാൽ. അദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്ന വാർത്തകളാണ് പശ്ചാത്തലത്തിൽ
ശ്രീനഗര്‍: ‘അദ്ദേഹത്തിന്റെ മരണവാർത്ത ചാനലുകൾ ആഘോഷിച്ചു. ‘രാജ്യം തെരയുന്ന ഭീകരൻ കൊല്ലപ്പെട്ടു’ എന്നാണ് ന്യൂഡൽഹി കേന്ദ്രമായുള്ള ചാനലുകൾ വാർത്ത നൽകിയത്. പാക് അധീന കശ്മീരിലെ കോട്‌ലി നഗരത്തിൽ സുരക്ഷാ സേന കൊലപ്പെടുത്തിയ ലഷ്‌കറെ ത്വയ്ബ തീവ്രവാദി എന്ന നിലയിലാണ് ഇഖ്ബാലിന്റെ രക്തം പുരണ്ട മൃതദേഹം ചാനലുകൾ പ്രദർശിപ്പിച്ചത്. അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ സൈന്യത്തിന്റെ വിജയമായി അവർ അവതരിപ്പിച്ചു. രക്തസാക്ഷിയായിട്ടും ‘തീവ്രവാദി’യെന്ന് മുദ്രകുത്തിയ വാർത്ത ഇപ്പോഴും യൂട്യൂബിലുണ്ട്’ -ഇത് പറയുമ്പോൾ, മേയ് ഏഴിന് പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട പൂഞ്ച് നിവാസിയായ മദ്‌റസ അധ്യാപകൻ ഖാരിഅ് മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബക്കാരുടെ ശബ്ദമിടറി.
ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ പിറന്ന നാട്ടിൽ രക്തസാക്ഷിയായ മനുഷ്യനെയാണ് താടിയും തൊപ്പിയും നോക്കി തീവ്രവാദിയാക്കി മുദ്രകുത്തിയത്. ഈ വാർത്ത കേട്ടപ്പോൾ തങ്ങൾ ഞെട്ടിപ്പോയതായി ഇഖ്ബാലിന്റെ അനന്തരവൻ ചൗധരി താരിഖ് മൻസൂർ പറഞ്ഞു.
ഒടുവിൽ കഴിഞ്ഞ ദിവസം, ഇദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിച്ച ന്യൂസ് 18, സീ ന്യൂസ് ചാനലുകള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വാർത്ത വ്യാജമാണെന്ന് പൊലീസ് വിശദീകരണവും കോടതി ഉത്തരവും ഉണ്ടായിട്ടും പല വാർത്താ ചാനലുകളും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല. എന്നുമാത്രമല്ല, ഇഖ്ബാലിനെ തീവ്രവാദിയായി മുദ്രകുത്തുന്ന വിഡിയോകൾ ഇപ്പോഴും യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്.
2019ലെ പുല്‍വാമ ആക്രമണത്തില്‍ ഖാരിഅ് മുഹമ്മദ് ഇഖ്ബാലിന് പങ്കുണ്ടെന്നും കുപ്രസിദ്ധ ടെററിസ്റ്റ് കമാന്‍ഡര്‍ ആണെന്നുമാണ് ചാനലുകള്‍ പ്രചരിപ്പിച്ചത്. ഈ വാര്‍ത്തകളെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ബന്ധുക്കൾ പൂഞ്ചിലെ സബ്ജഡ്ജിക്ക് മുന്നില്‍ പരാതി നല്‍കി. എന്നാൽ, ഇതിനെതിരെ വിചിത്ര വാദങ്ങളാണ് പൊലീസ് അവതരിപ്പിച്ചത്. ചാനലുകളുടെ ഡല്‍ഹിയിലെ ഓഫിസില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നതെന്നും അതിനാല്‍ പൂഞ്ചില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കശ്മീരിലെ കോടതിക്ക് അധികാരമില്ലെന്നുമായിരുന്നു പൊലീസ് വാദം. എന്നാല്‍, ഖാരിഅ് മുഹമ്മദ് ഇഖ്ബാല്‍ ജീവിച്ചതും ജോലിയെടുത്തതും മരിച്ചതും പൂഞ്ചിലാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘മരിച്ച അധ്യാപകനെ യാതൊരു പരിശോധനയും കൂടാതെ തീവ്രവാദിയായി മുദ്രകുത്തിയത് മാധ്യമപ്രവര്‍ത്തനത്തിലെ മോശം ഇടപെടലാണ്. അത് സമൂഹത്തില്‍ അശാന്തിയുണ്ടാക്കാനും സാമൂഹിക ഐക്യത്തിന് ഹാനികരമാവാനും സാധ്യതയുണ്ട്. അതിനാല്‍ ഇവിടെ കേസെടുക്കാം’ -കോടതി പറഞ്ഞു.
തങ്ങള്‍ നേരത്തെ തന്നെ ക്ഷമ ചോദിച്ചതായി ചാനലുകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ചെയ്ത ദ്രോഹത്തിന് അത് പരിഹാരമാവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അപമാനിക്കല്‍, പൊതുപ്രശ്‌നമുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പൂഞ്ച് എസ്എച്ച്ഒ ഏഴു ദിവസത്തിനുള്ളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. പൂഞ്ച് എസ്എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവ് ചരിത്രപരമാണെന്ന് കേസ് വാദിച്ച ശൈഖ് മുഹമ്മദ് സലീം പറഞ്ഞു. ഭാവിയിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാൻ ചാനലുകളെ ഇത് നിർബന്ധിതരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നസീം, ഷംഷാദ് അക്തർ എന്നീ രണ്ട് ഭാര്യമാരും എട്ട് കുട്ടികളുമാണ് ഇഖ്ബാലിനുള്ളത്. ഗ്രാമത്തിൽ മക്കളോടൊപ്പമാണ് നസീമും നാല് മക്കളും താമസിക്കുന്നത്. ഷംഷാദും ഇഖ്ബാലും നാലുമക്കളോടൊപ്പം പൂഞ്ച് നഗരത്തിലാണ് താമസം. എല്ലാ വാരാന്ത്യങ്ങളിലും ഇഖ്ബാൽ നസീമിനെ സന്ദർശിക്കുമായിരുന്നു. ഇസ്‍ലാമിക പണ്ഡിതയായ ഷംഷാദും മദ്റസയിൽ അധ്യാപനം നടത്തുന്നുണ്ട്.
മൂന്ന് പെൺമക്കളും വൈകല്യമുള്ള ഒരു മകനും ഉൾപ്പെടെ നാല് കുട്ടികളാണ് നസീം-ഇഖ്ബാൽ ദമ്പതികൾക്കുള്ളത്. ‘കുടുംബത്തെ പരിപാലിക്കാൻ ഇനി ആരുമില്ല. എന്റെ രണ്ട് പെൺമക്കൾ ഇതുവരെ വിവാഹിതരായിട്ടില്ല... കുടുംബത്തിന്റെ വരുമാന മാർഗമാണ് ഇല്ലാതായത്’ -നസീം അക്തർ പറയുന്നു. സർക്കാർ കുടുംബത്തിന് 12 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. ഇതിൽ നസീമിന് 7 ലക്ഷം രൂപയും സർക്കാർ ജോലിയും രണ്ടാം ഭാര്യയ്ക്ക് 5 ലക്ഷം രൂപയും നൽകി. ഷംഷാദ് ഇപ്പോൾ നാല് കുട്ടികളോടൊപ്പം പിതാവിന്റെ കൂടെയാണ്. അവരുടെ മൂന്ന് സഹോദരന്മാരും സർക്കാർ ജോലിക്കാരാണ്.
ഇന്ത്യ-പാക് അതിർത്തി സംഘർഷത്തിനിടെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.