ന്യൂഡൽഹി: ബുൾഡോസർ നീതിക്കെതിരെ ഒരിക്കൽ കൂടി വിമർശനവുമായി സുപ്രീംകോടതി. നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകൾ നല്ലതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ദൂലിയ, എസ്.വി.എൻ ഭാട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
രാജ്യത്തിന്റെ നിയമങ്ങൾക്ക് നേരെയാണ് ബുൾഡോസർ ഓടിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൗരാണികമായ വീട് പൊളിക്കാനുള്ള ശ്രമത്തിനെതിരായ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് വീട് പൊളിക്കാനുള്ള ശ്രമമുണ്ടായത്.
കുടുംബാംഗങ്ങളിൽ ഒരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന്റെ പേരിലാണ് വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമം നടത്തിയത്. ജാവേദാലി മഹേബുബമിയ സിയാദ് എന്നയാളാണ് ഹരജി നൽകിയത്. സെപ്റ്റംബർ ആറിനാണ് വീട് പൊളിക്കാനായി നോട്ടീസ് നൽകിയത്. ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ഇത്തരത്തിൽ വീട് പൊളിക്കാൻ നോട്ടീസ് നൽകിയത്.
ഒരു കുടുംബാംഗത്തിന് നേരെ രജിസ്റ്റർ ചെയ്ത കേസിന്റെ പേരിൽ മൊത്തം കുടുംബാംഗങ്ങളെയും എന്തിനാണ് ശിക്ഷിക്കുന്നതെന്നായിരുന്നു ഹരജിയിലെ പ്രധാന ചോദ്യം. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഒരാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് വീട് പൊളിക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നിയമം അനുസരിച്ച് വേണം രാജ്യത്ത് സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കാൻ. കുടുംബത്തിലെ ഒരാൾ കുറ്റം ചെയ്താൽ എല്ലാവർക്കുമെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി നിർമിച്ച കെട്ടിടം പൊളിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.