ബംഗളൂരു: ‘‘നിങ്ങൾ പറയൂ.. ഇതുപോലുള്ള സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ ജീവിക്കും.? ഇതുപോലുള്ള സ്ഥലത്ത് ജീവിച്ചാൽ ഞങ്ങൾ മരിച്ചു പോകും. കൊറോണ വൈറസ് ബാധിച്ചില്ലെങ്കിലും ഞങ്ങളുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്. മഴ പെയ്താൽ ഞങ്ങൾക്കിവിടെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്. ട്രെയിനിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നതിനായി പോവാൻ പോലും അവർ ഞങ്ങളെ അനുവദിക്കുന്നില്ല.’’ -ബംഗളൂരുവിൽ ലേബർ കാമ്പിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിലൊരാൾ പറഞ്ഞു.
നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ് സൗത്ത് ബംഗളൂരുവിലെ കൊനാൻകുന്ദെ ക്രോസിലുള്ള ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നത്. തകര ഷീറ്റുകൊണ്ട് മറച്ചുണ്ടാക്കിയ മുറികളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുകയാണിവർ. തറയിൽ തുണി വിരിച്ചാണ് ഭൂരിഭാഗംപേരും കിടക്കുന്നത്. യു.പി, ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 7000ത്തോളം തൊഴിലാളികൾ ലേബർ ക്യാമ്പിൽ ജീവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. ഓൺലൈൻ മാധ്യമമായ ‘ദി ക്വിൻറ്’ ആണ് തൊഴിലാളികളുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്.
‘‘ഈ വലിയ കെട്ടിടങ്ങളൊക്കെ ഞങ്ങളുണ്ടാക്കിയതാണ്. പക്ഷെ ഞങ്ങൾക്ക് ഒന്നു ഭക്ഷണം കഴിക്കാനോ താമസിക്കാനോ സൗകര്യമില്ല. അവർ എ.സിയും കൂളറുമായി കിടന്നുറങ്ങുന്നു. ഞങ്ങളോട് തറയിൽ കിടന്നുകൊള്ളാനാണ് പറഞ്ഞത്.’’ -തനിക്കു പിന്നിലെ അപ്പാർട്ട്മെൻറ് ചൂണ്ടിക്കാട്ടി ഒരു തൊഴിലാളി പറഞ്ഞു.
കോവിഡ് പടർന്നു പിടിക്കുന്നസാഹചര്യത്തിൽ ഇവർ രോഗ ഭീതിയിലാണ്. തൊഴിലുടമ ക്യാമ്പിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും തങ്ങളെ തടവുകാരെ പോലെ പിടിച്ചുവെച്ചിരികുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. സ്വകാര്യ സെക്യുരിറ്റി ഗാർഡുമാരുടെ നിരീക്ഷണത്തിലാണിവർ. ചെയ്ത ജോലിക്കുള്ള കൂലി പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ സർക്കാർ ഒരുക്കിയ വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ‘ഞങ്ങൾ ജോലി ചെയ്യില്ല, ഞങ്ങളെ വീട്ടിൽ പോകാൻ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി ലേബർ ക്യാമ്പിലെ തൊഴിലാളികൾ സമരം ചെയ്യുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അതിനായി രജിസ്റ്റർ ചെയ്യാൻ പോലും ഇവർക്ക് സാധിക്കുന്നില്ല.
ട്രെയിൻ ലഭിച്ചില്ലെങ്കിൽ നടന്നു പോകാനാണ് തീരുമാനമെന്ന് തൊഴിലാളികൾ പറഞ്ഞു. ഒരിക്കൽ തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ തങ്ങൾക്കരികിലെത്തി എല്ലാവിധ രേഖകളും നൽകാമെന്ന് അറിയിച്ചിരുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്ക് ശേഷമേ രേഖകൾ അയക്കാൻ സാധിക്കൂ എന്നാണവർ പറഞ്ഞത്. പക്ഷെ പിന്നീട് ട്രെയിൻ ഇല്ലാതായതോടെ തങ്ങൾ നടക്കാൻ തീരുമാനിച്ചു. എന്നാൽ സർക്കാർ ഉത്തരവു നൽകുന്നില്ല. അവരെന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. അവർ ഞങ്ങൾക്ക് ഗാതാഗത സൗകര്യം ഒരുക്കി തന്നാൽ ഞങ്ങൾക്ക് നടക്കേണ്ട ആവശ്യമില്ല.
‘‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഞങ്ങൾക്ക് അവരെ കാണാൻ സാധിക്കില്ല. ഞങ്ങൾ ഇവിടെ വെച്ച് മരിച്ചാൽ മൃതദേഹം കൈകാര്യം ചെയ്യാൻ ആരും വരില്ല. വീട്ടിലേക്ക് അയക്കുകയുമില്ല. നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഞങ്ങളത് സഹിക്കും. ഞങ്ങളിവിടെ മരിച്ചുകൊണ്ടിരിക്കുകയാണ്.’’ -തൊഴിലാളികളുടെ സൂപ്പർവൈസർ ഗുലാബ് അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.