ബ്രിട്ടനോട് പുതിയ വിസ നിയമം പുനഃപരിശോധിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ഐ.ടി വിദഗ്ധരെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വിസ നിയമം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു സന്ദര്‍ശനത്തിനത്തെിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയതായിരുന്നു അദ്ദേഹം.

 അതിവേഗത്തില്‍ വളരുന്നതും ഉയര്‍ന്ന മൂല്യവുമുള്ള തങ്ങളുടെ സാങ്കേതിക മേഖല ഫലപ്രദമായ കുടിയേറ്റ നിയമത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഐ.ടി വിദഗ്ധരുടെ വരവിനെ കുടിയേറ്റ പ്രശ്നത്തിലുപരി ബ്രിട്ടന്‍ വ്യാപാര മുന്‍ഗണനാ വിഷയമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ടി അധിഷ്ഠിത മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് പുതിയ വിസ ചട്ടങ്ങള്‍ ഏറ്റവും കുരുക്കാകുന്നത്. പുതിയ നിയമം ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍വരും.

ടയര്‍ 2 ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ (ഐ.സി.ടി) കാറ്റഗറി അടിസ്ഥാനത്തില്‍ 30,000 പൗണ്ട് അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജോലിക്കാര്‍ക്കു മാത്രമേ വിസ ലഭിക്കു. നേരത്തേ 20,800 പൗണ്ടായിരുന്നു ഈ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തിയിരുന്നത്. ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ കാറ്റഗറിയിലൂടെ വരുന്ന വിസകളില്‍ 90 ശതമാനവും ഇന്ത്യക്കാരുടേതാണെന്ന് ബ്രിട്ടനിലെ കുടിയേറ്റ ഉപദേശക സമിതി (എം.എ.സി) അടുത്തിടെ കണ്ടത്തെിയിരുന്നു. രാജ്യത്തിന്‍െറ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍നിന്ന് ഒട്ടേറെ സോഫ്റ്റ്വെയര്‍ ജീവനക്കാര്‍ യു.കെയില്‍ ഹ്രസ്വകാല പ്രോജക്ടുകളുടെ ഭാഗമായി സന്ദര്‍ശനം നടത്താറുണ്ട്. നിലവിലുള്ള വിസ നിയമം ബ്രിട്ടന്‍ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ്, ഡൈനാമാറ്റിക് ടെക്നോളജീസ്, മൈക്രോലാബ്സ് തുടങ്ങിയ കര്‍ണാടക ആസ്ഥാനമായുള്ള കമ്പനികള്‍ ബ്രിട്ടനില്‍ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും ഇതിലൂടെ കൂടുതല്‍ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് വിമാനത്താവളത്തിലത്തെിയ തെരേസ മെയ് സമീപത്തെ സ്വകാര്യ ഹോട്ടലിലാണ് കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയത്. തുടര്‍ന്ന് യെലഹങ്കയിലെ തരഹുന്‍സെയിലെ സ്റ്റോണ്‍ഹില്‍ ഗവ. ഹയര്‍ പ്രൈമറി സ്കൂള്‍, പീനിയയിലെ എയറോസ്പേസ്-ഹൈഡ്രോളിക് പമ്പ്സ് കമ്പനി, അള്‍സൂരിലെ സോമേശ്വര ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് ലണ്ടനിലേക്ക് മടങ്ങി.

Tags:    
News Summary - britain visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.