ഫോട്ടോഗ്രാഫറില്ല; വധു വിവാഹത്തിൽനിന്ന് പിന്മാറി

കാൺപൂർ: വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതിനാൽ വധു വിവാഹത്തിൽനിന്ന് പിന്മാറി. ഉത്തർ പ്രദേശിലെ കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. താലി ചാര്‍ത്തുന്നതിന് തൊട്ടുമുമ്പാണ് ഫോട്ടോഗ്രഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. സ്വന്തം വിവാഹം നന്നായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നു.

മംഗൾപൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കര്‍ഷകന്റെ മകളാണ് വധു. തൊട്ടുത്ത ഗ്രാമമായ ഭോഗ്‌നിപൂരിലെ യുവാവുമായുള്ള വിവാഹമാണ് യുവതിയുടെ വീട്ടില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ നടക്കാനിരുന്നത്. വരനും വധുവും ഒന്നിച്ച് വിവാഹ ചടങ്ങുകള്‍ക്കായി മണ്ഡപത്തിലേക്ക് കയറിയപ്പോഴാണ് ഫോട്ടോഗ്രാഫറില്ലെന്നറിഞ്ഞത്. ഫോട്ടോഗ്രാഫറെ വരന്‍ ഏല്‍പ്പിക്കുമെന്നായിരുന്നു ധാരണ.

വധുവിന്റെ ബന്ധുക്കള്‍ യുവതിയെ അനുനയിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇരുപക്ഷത്തുമുള്ള മുതിര്‍ന്നവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പ്രശ്‌നം പൊലീസ് സ്‌റ്റേഷനിലെത്തി. പൊലീസിന്റെ മധ്യസ്ഥതക്ക് മുന്നിലും യുവതി വഴങ്ങിയില്ല. ഇതോടെ വിവാഹം ഒഴിവാക്കാന്‍ തീരുമാനമായി. ഇരു കുടുംബാംഗങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും തിരിച്ചു നല്‍കാന്‍ തയാറായതോടെ പ്രശ്‌നത്തിന് പരിഹാരമായതായി മംഗൾപൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ ദോറി ലാൽ അറിയിച്ചു.

ഉത്തർ പ്രദേശിൽനിന്ന് അടുത്തിടെ ഇത്തരം വാർത്തകൾ തുടർക്കഥയാണ്. വരന്‍ കണ്ണട ഉപയോഗിക്കുന്നെന്നറിഞ്ഞ് വധു വിവാഹത്തിൽനിന്ന് പിന്മാറിയത് അഞ്ച് ദിവസം മുമ്പാണ്. ഔരയ്യ എന്ന സ്ഥലത്തായിരുന്നു സംഭവം. ഉന്നാവോയിൽ വിവാഹ ചടങ്ങിനിടെ വരന്റെ വിഗ് ഊരിപ്പോയി കഷണ്ടി വെളിപ്പെട്ടതിനെ തുടര്‍ന്ന് വധു പിന്മാറിയത് കഴിഞ്ഞ മാസമായിരുന്നു. ബിന്നാവയിൽ കഴിഞ്ഞ വർഷം, വരന്റെ പിതാവ് മദ്യപിച്ച് ഫിറ്റായി കല്യാണത്തിന് എത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറിയിരുന്നു. 

Tags:    
News Summary - Bride refuses to marry groom after he fails to arrange photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.