ലഖ്നോ: ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം ശരിയല്ലെന്ന് പറഞ്ഞ് വിവാഹിതയായി 20-ാം മിനിറ്റിൽ സ്വന്തം വീട്ടിലേക്ക് തിരികെ മടങ്ങി വധു. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം.
പ്രദേശത്തെ വിവാഹ മണ്ഡപത്തിൽവെച്ച് നവംബർ 25ന് കുടുംബാംഗങ്ങളും അയൽവാസികളും നാട്ടുകാരുമെല്ലാം പങ്കെടുത്ത ഗംഭീരമായ ആഘോഷ ചടങ്ങിലാണ് ദമ്പതികൾ വിവാഹിതരായത്. പിറ്റേന്ന് നവംബർ 26നാണ് വധു ഭർതൃവീട്ടിലെത്തിയത്. അവിടെയും വിവിധ ചടങ്ങുകൾ പുരോഗമിക്കുകയായിരുന്നു. വെറും 20 മിനിറ്റ് കഴിഞ്ഞതേയുള്ളൂ, യുവതി ചടങ്ങുകളെല്ലാം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ഉടൻ മാതാപിതാക്കളെ വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തന്നോടുള്ള ഭർതൃവീട്ടുകാരുടെ പെരുമാറ്റം ശരിയല്ലെന്നാണ് വധു പറഞ്ഞത്. ഭർത്താവും കുടുംബവും യുവതിയെ സമാധാനിപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും തീരുമാനം മാറ്റിയില്ല. അനുനയിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കളോടും ആ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് യുവതി തീർത്തു പറഞ്ഞു.
ഇരുഭാഗത്തും വാക്കുതർക്കം ഉടലെടുത്തതോടെ പ്രാദേശിക പഞ്ചായത്ത് വിളിച്ചുചേർത്തു. പ്രശ്നം അഞ്ച് മണിക്കൂറോളം ചർച്ച ചെയ്തു. ഒടുവിൽ വിവാഹ ചടങ്ങുകൾ നിർത്തിവെക്കുകയും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹസമയത്ത് കൈമാറിയ വസ്തുക്കളും സമ്മാനങ്ങളും തിരികെ നൽകുകയും വധു കുടുംബത്തോടൊപ്പം പോകുകയും ചെയ്തു. സംഭവത്തിൽ പൊലീസിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.