പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം

ന്യൂഡൽഹി: ഇന്ത്യക്കും പാകിസ്താനും ഇടയിൽ നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. കടലിലും കരയിലും ആകാശത്തുമുള്ള സകല സൈനിക നീക്കങ്ങളും അവസാനിപ്പിക്കാൻ ധാരണയിലെത്തി മണിക്കൂറുകൾക്കമാണ് പാകിസ്താന്‍റെ വെടിനിർത്തൽ ലംഘനം.

ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വെടിനിർത്തൽ എവിടെയെന്നും ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്സിലും കുറിച്ചു. ഒടുവിൽ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വെടിനിർത്തൽ ലംഘനം സ്ഥിരീകരിച്ചത്.

പാകിസ്താൻ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ധാരണകൾക്ക് വിപരീതമായ സാഹചര്യമാണ്. ആക്രമണം ചെറുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനം പാകിസ്താന്‍ ഗൗരവത്തോടെ കാണണമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. നേരത്തെ, സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്താനും സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശ സെക്രട്ടറി വെടിനിർത്തൽ സ്ഥിരീകരിച്ചത്.

അതേസമയം സമാധാന ചർച്ച അമേരിക്കൻ മധ്യസ്ഥതയിലാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വാർത്താസമ്മേളനത്തിൽ വളരെ ചുരുങ്ങിയ പ്രസ്താവന മാത്രമാണുള്ളതെന്ന് ആമുഖമായി പറഞ്ഞ് വിദേശ സെക്രട്ടറി വിക്രം മിസ്രി ഇരുരാജ്യങ്ങളും പൊടുന്നനെ സംഘർഷം അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷം 3.35ന് പാകിസ്താൻ മിലിട്ടറി ഓപറേഷൻ ഡയറക്ടർ ജനറൽ ഇന്ത്യയുടെ മിലിട്ടറി ഓപറേഷൻ ഡയറക്ടർ ജനറലിനെ വിളിച്ചതായി മിസ്രി പറഞ്ഞു. വൈകീട്ട് അഞ്ചിന് പ്രാബല്യത്തിൽ വരുന്നവിധം കരയിലും ആകാശത്തും കടലിലും എല്ലാതരം സൈനിക നടപടിയും ഇന്ത്യയും പാകിസ്താനും നിർത്തിവെക്കാൻ ഇരുവർക്കുമിടയിൽ ധാരണയായെന്നും ധാരണ നടപ്പാക്കാൻ ഇരു സൈന്യങ്ങൾക്കും നിർദേശം നൽകിയെന്നും മിസ്രി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചക്ക് 12ന് മിലിട്ടറി ഓപറേഷൻ ഡയറക്ടർ ജനറലുമാർ തമ്മിൽ വീണ്ടും സംഭാഷണം നടക്കുമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.

തന്റെ പ്രസ്താവനക്കുശേഷം സേനയിലെ സഹപ്രവർത്തകരുടെ വാർത്തസമ്മേളനം വേറെയുണ്ടാകുമെന്ന് പറഞ്ഞ് മിസ്രി പിരിഞ്ഞു. ശേഷം നാവികസേന കമഡോർ മലയാളിയായ രഘു ആർ. നായരാണ് കേണൽ സോഫിയ ഖുറൈശിക്കും വ്യോമികാ സിങ്ങിനുമൊപ്പമെത്തി സൈന്യത്തിന്‍റെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്താന്റെ ഭാഗത്തുനിന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് തിരുത്തേണ്ട ബാധ്യത പ്രഫഷനൽ സേനയെന്ന നിലക്ക് ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് രഘു നായർ പറഞ്ഞു.

വെടി നിർത്തലിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടുവെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ മാത്രമാണ് ചർച്ച നടന്നതെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Breach Of Understanding By Pakistan: India On Ceasefire Violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.