കമ്പനി അറിയാതെ വായ്പ; ഫിനാബ്ലറിൽനിന്ന് ബി.ആർ. ഷെട്ടി രാജിവെച്ചു
മുംബൈ: വിദേശ നാണയ വിനിമയ കമ്പനിയായ ഫിനാബ്ലർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ, സഹ ചെയർമാൻ പദവികളിൽനിന്ന് വിവാദ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി രാജിവെച്ചു. കമ്പനി കടത്തിലാവുകയും ബോർഡ് അംഗങ്ങളറിയാതെ രഹസ്യമായെടുത്ത 7400 കോടി രൂപയിലേറെയുള്ള വായ്പ വഴിമാറ്റിയത് കണ്ടെത്തുകയും ചെയ്തതോടെ തിങ്കളാഴ്ചയാണ് രാജി.
യു.എ.ഇയിലെ ആരോഗ്യ സംരക്ഷണ കമ്പനിയായ എൻ.എം.സി ഹെൽത്തിെൻറ സ്ഥാപകൻകൂടിയാണ് ഷെട്ടി. പ്രസ്താവനയിലൂടെയാണ് ഫിനാബ്ലർ ഷെട്ടിയുടെ രാജി അറിയിച്ചത്. തങ്ങളുടെ അനുബന്ധ കമ്പനികളായ യു.എ.ഇ എക്സ്ചേഞ്ച് യു.കെ ലിമിറ്റഡ്, എക്സ്പ്രസ് മണി സർവിസ് ലിമിറ്റഡ് എന്നിവയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ സർക്കാറിെൻറ എച്ച്.എം റവന്യു ആൻഡ് കസ്റ്റംസ് വകുപ്പ് നോട്ടീസ് നൽകിയതായി ഫിനാബ്ലർ ലണ്ടൻ ഒാഹരി വിപണിയെ അറിയിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്താൽ വ്യവഹാരം നിലക്കുമെന്നും യു.എ.ഇ സർക്കാറുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും കമ്പനി ലണ്ടൻ ഒാഹരി വിപണിയെ അറിയിച്ചു. ദുബൈയിലെ വാണിജ്യ ബാങ്ക് നൽകിയ ഹരജിയിൽ തെൻറ ചില സ്വത്തുക്കൾ വിൽക്കുന്നതിൽ നിന്ന് ബംഗളൂരുവിലെ കോടതി കഴിഞ്ഞ ദിവസം ഷെട്ടിയെ വിലക്കിയിരുന്നു. ഷെട്ടിക്കെതിരെ സമാനമായ കോടതിവിധി ബാങ്ക് ഒാഫ് ബറോഡയും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.