എണ്ണവില വർധന: രണ്ടാം ദിവസവും പാർലമെന്‍റിൽ പ്രതിഷേധമിരമ്പി; സഭ നിർത്തിവെച്ചു

ന്യൂഡൽഹി: എണ്ണവില വർധന ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തിമാക്കിയതോടെ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിവസവും തടസപ്പെട്ടു. ലോക്സഭയും രാജ്യസഭയും ആദ്യം 12 മണിവരെയും തുടർന്ന് രണ്ട് മണിവരെയും നടപടികൾ നിർത്തിവെച്ചു.

എണ്ണ വില വിഷയം പാർലമെന്‍റിൽ പ്രത്യേകം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.

തിങ്കളാഴ്ച എണ്ണ വില നിയന്ത്രിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ ആഞ്ഞടിച്ചിരുന്നു. പെട്രോൾ വില 100 രൂപ കടന്നപ്പോഴും നികുതി കുറക്കാൻ എന്തുകൊണ്ട് സർക്കാർ തയാറായില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം നടക്കുന്ന തുടർ ദിവസങ്ങളിൽ രാജ്യസഭാംഗങ്ങളുടെ ഇരിപ്പിടങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി 142 അംഗങ്ങൾക്ക് രാജ്യസഭാ ചേബറിലും ബാക്കിയുള്ളവർക്ക് ഗാലറിയും ഇരിപ്പിടം ഒരുക്കുമെന്ന് ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചു.

രാജ്യസഭ രാവിലെ ഒമ്പത് മുതൽ രണ്ടു വരെയും ലോക്സഭ വൈകീട്ട് നാലു മുതൽ പത്ത് വരെയും സമ്മേളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Both Houses of Parliament adjourned after Opposition ruckus over fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.