തബ്‌ലീഗ്​​ സമ്മേളനത്തിൽ പ​ങ്കെടുത്തവരെ മാധ്യമങ്ങളും സര്‍ക്കാറും വേട്ടയാടി -​ബോംബെ ഹൈകോടതി

മുംബൈ: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരെ ​കേസെടുത്ത പൊലീസ്​ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈകോടതി സർക്കാറും മാധ്യമങ്ങളും തബ്​ലീഗുകാരെ വേട്ടയാടുകയായിരുന്നുവെന്ന്​ വിമർശിച്ചു.

ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ജസ്​റ്റിസ്​ ടി.വി. നൽവാഡെ, ജസ്​റ്റിസ്​ എം.ജി. സീവ്​ലിക്കർ എന്നിവരടങ്ങിയ ഔറംഗാബാദ്​ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

ടൂറിസ്​റ്റ്​ വിസ നിർദേശങ്ങൾ ലംഘിച്ചെന്നും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രാര്‍ഥനകള്‍ നടത്തിയെന്നും ആരോപിച്ചാണ്​ പരാതിക്കാര്‍ക്കെതിരെ കേസെടുത്തതെന്ന്​ പൊലീസ്​ കോടതിയെ അറിയിച്ചു.

ഡല്‍ഹി നിസാമുദ്ദിന്‍ മര്‍ക്കസില്‍ എത്തിയ വിദേശികളാണ്​ ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണമായതെന്ന്​ വരുത്തി തീർക്കാനുള്ള ​​ശ്രമം നടന്നു. ഇവർക്കെതിരെ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സംഘടിതമായി ഇത്തരത്തിലുള്ള പ്രചരണം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. വിദേശി തബ്​ലീഗുകള്‍ക്കെതിരെ നടന്നത് വേട്ടയാടലായിരുന്നെന്നും കോടതി വിമർശിച്ചു.

മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെയാണ്​ ബലിയാടുകൾ ആക്ക​ിയതെന്നും കോടതി വിമർശിച്ചു.

കോവിഡ്​ പോലുള്ള മഹാമാരികളുണ്ടാകു​േമ്പാൾ ഇന്ത്യയുടെ യഥാർഥ സംസ്​കാരമായ സഹിഷ്​ണുത വിദേശികളോട്​ കാണിക്കുകയാണ്​ വേണ്ടിയിരുന്നത്​. എന്നാൽ, അവരെ സഹായിക്കുന്നതിന്​ പകരം പിടിച്ച്​ ജയിലിലടക്കുകയും വിസ ലംഘനത്തിന്​ കേസെടുത്ത്​ അവരുടെ യഥാർഥ യാത്രാരേഖകൾ പിടിച്ചുവെക്കുകയുമാണ്​ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.