ന്യൂഡൽഹി: കേന്ദ്ര സർക്കാർ തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള വിദ്യാഭ്യാസ ഫണ്ട് വിട്ടുകിട്ടാൻ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി 2020) ഭാഗമായി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന ത്രിഭാഷ ഫോർമുലക്കും പി.എം ശ്രീ സ്കൂൾ പദ്ധതിക്കും എതിരായതിനാലാണ് ഫണ്ട് തടഞ്ഞതെന്ന് തമിഴ്നാട് ഹരജിയിൽ ചൂണ്ടിക്കാട്ടി.
പദ്ധതി പ്രകാരം 2151.59 കോടിയാണ് നൽകാനുള്ളത്. ഇത് ആറു ശതമാനം പലിശ സഹിതം നൽകാൻ ഉത്തരവിടണമെന്നാണ് ആവശ്യം. സമഗ്രശിക്ഷാ പദ്ധതി, പി.എം ശ്രീ സ്കൂൾ പദ്ധതി എന്നിവയുമായി ബന്ധമില്ലാതിരുന്നിട്ടും അന്യായമായി ഫണ്ട് തടയുന്നു. എൻ.ഇ.പി പൂർണമായും നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനത്തെ സമ്മർദത്തിലാക്കുന്നു. സംസ്ഥാനം പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാക്കാനാണ് ശ്രമം. സാമ്പത്തിക സഹായം നൽകുന്നതിന്റെ മറവിൽ സ്വന്തം നയം നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർബന്ധിക്കാൻ കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകണമെന്ന ഹരജി കോടതി തള്ളിയിരുന്നു.
ചെന്നൈ: സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് എടുത്തുമാറ്റി തമിഴ്നാട് സർക്കാറിന് നൽകിയ നിയമവ്യവസ്ഥകൾക്ക് മദ്രാസ് ഹൈകോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തി.
തമിഴ്നാട് സർക്കാർ അയച്ച ബില്ലുകൾ ഗവർണർ വളരെക്കാലം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്മേൽ തമിഴ്നാട് സർക്കാറിന് സർവകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം നൽകുന്ന ബിൽ ഉൾപ്പെടെ 10 ബില്ലുകൾ അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് തമിഴ്നാട് സർക്കാറിലേക്ക് മാറ്റി ഗസറ്റ് വിജ്ഞാപനവും ഇറക്കി. തിരുനൽവേലി പാളയംകോട്ട ബി.ജെ.പി ജില്ല സെക്രട്ടറിയും അഭിഭാഷകനുമായ വെങ്കിടാചലപതിയാണ് ഇതിനെതിരെ മദ്രാസ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്. യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഈ നിയമവകുപ്പുകൾ നിരോധിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.