പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള ബദൂരിയയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ചണപ്പാടത്തുനിന്നും സമീപത്തെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ നിന്നുമായി കോടിക്കണക്കിന് രൂപയും സ്വർണവും പൊലീസ് കണ്ടെടുത്തു. ബദൂരിയ മുനിസിപ്പാലിറ്റി ചെയർമാനായ ദീപങ്കർ ഭട്ടാചാര്യയുടെ വീട്ടുപറമ്പിൽ നടത്തിയ വൻ പരിശോധനയിലാണ് ചാക്കുകളിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്. നിലവിൽ 2.24 കോടി രൂപയോളം എണ്ണിക്കഴിഞ്ഞതായും പിടിച്ചെടുത്ത തുക മൂന്ന് കോടി കടക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടി.എം.സി നേതാവ് ദീപങ്കർ ഭട്ടാചാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേയ് 24-ന് രാത്രി ബദൂരിയയിലെ തൃണമൂൽ പാർട്ടി ഓഫീസിൽ നിന്നും ചില വാഹനങ്ങളിൽ സാധനങ്ങൾ കടത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പാർട്ടി ഓഫീസിലും ദീപങ്കറിന്റെ ഫാം ഹൗസിലും റെയ്ഡ് നടത്തി. സർക്കാർ ദുരിതാശ്വാസ വിതരണത്തിനായി എത്തിച്ച അയ്യായിരത്തോളം ടാർപോളിൻ ഷീറ്റുകളും, 80 ലക്ഷം രൂപയും ഫാം ഹൗസിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. പാർട്ടി ഓഫീസിന് പുറത്ത് ഭാഗികമായി കത്തിയ നിലയിൽ ചില രേഖകളും കണ്ടെത്തുകയുണ്ടായി.
ഇതിനുപിന്നാലെ ബി.ജെ.പി നേതാക്കൾ ദീപങ്കറിനെതിരെ ഔദ്യോഗികമായി പരാതി നൽകി. ഒളിവിൽ പോയ ദീപങ്കറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഒരു ഹോട്ടലിൽ വെച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ദീപങ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ചതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തന്റെ വീടിന് പിന്നിലെ ചണപ്പാടത്ത് പണം കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് ഡോഗ് സ്ക്വാഡും ഡ്രോൺ ക്യാമറകളും ഉപയോഗിച്ച് പൊലീസ് പ്രദേശത്ത് വലിയ രീതിയിലുള്ള തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട മണ്ണുമാറ്റലിനൊടുവിൽ ചണപ്പാടത്തു നിന്നും 500 രൂപയുടെ നോട്ടുകെട്ടുകളും സ്വർണവും അടങ്ങിയ ട്രോളി ബാഗുകളും ചാക്കുകളും കണ്ടെത്തുകയായിരുന്നു. പണം എണ്ണുന്നതിനായി പ്രത്യേകം യന്ത്രങ്ങൾ പാടത്തേക്ക് എത്തിക്കേണ്ടി വന്നു. ഇതിന് പുറമെ ദീപങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ നിന്നും പണം അടങ്ങിയ ചാക്കുകൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.