മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തന്ത്രപ്രധാന ഉപതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയെ സഹായിക്കുന്നതിന് ബി.ജെ.പി സ്ഥാനാർഥിയെ പിൻവലിച്ചു. അന്ധേരി ഈസ്റ്റിൽ നിന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷത്തിന്റെ സ്ഥാനാർഥിയായാണ് രുതുജ ലട്കെ മത്സരിക്കുന്നത്. ബി.ജെ.പിയുടെ മുർജി പട്ടേൽ ആയിരുന്നു ഇവരുടെ എതിരാളി. രുതുജയുടെ വിജയം ഉറപ്പാക്കാൻ ഷിൻഡെ വിഭാഗവും ബി.ജെ.പിയും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ശിവസേന എം.എൽ.എ ആയിരുന്ന രമേശ് ലട്കെ ഈ വർഷാദ്യം മരിച്ചതോടെയാണ് അന്ധേരിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
രുതുജയുടെ വിജയം ഉറപ്പാക്കാൻ ആദ്യം രംഗത്തുവന്നത് ഉദ്ധവ് താക്കറെയോട് ഇടഞ്ഞുനിൽക്കുന്ന രാജ് താക്കറെയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന നേതാവായ രാജ് താക്കറെ, രുതുജക്ക് എതിരെ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിന് കത്തെഴുതുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ രമേശ് ലഡ്കേയുടെ ഭാര്യ രുതുജ മത്സരിക്കുന്നുണ്ടെന്നും ഒരു സാധാരണ പ്രവർത്തകനിൽ നിന്ന് എം.എൽ.എയിലേക്കുള്ള രമേശ് ലുട്കെയുടെ വളർച്ച അടുത്തുനിന്ന് നോക്കി കണ്ട ഒരാളാണ് താനെന്നും സൂചിപ്പിച്ചായിരുന്നു കത്ത്. രമേശിന്റെ മരണ ശേഷം ഭാര്യ എം.എൽ.എ ആകുന്നത് അദ്ദേഹത്തിനു നൽകാവുന്ന മരണാനന്തര ബഹുമതിയാവുമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ഷിൻഡെ പക്ഷവും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും കത്തെഴുതി. തുടർന്നാണ് സ്ഥാനാർഥിയെ പിൻവലിക്കാൻ നേതൃത്വം തീരുമാനിച്ചത്. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശം നൽകാനുള്ള അവസാന തീയതി ഇന്നാണ്. സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എൻ.സി.പി നേതാവ് ശരത് പവാറും ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.