ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് കടുത്ത പരീക്ഷണം

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ രാജ്യം നട്ടംതിരിയവെ, ശനിയാഴ്ച നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കടുത്ത പരീക്ഷണമാകും. മധ്യപ്രദേശ്, അസം, അരുണാചല്‍, പുതുച്ചേരി സംസ്ഥാനങ്ങളിലായാണ് ലോക്സഭ, നിയമസഭ സീറ്റുകളിലേക്ക് നവംബര്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മധ്യപ്രദേശിലെ ശാഹ്ദോള്‍ ലോക്സഭ സീറ്റിലും നേപാനഗര്‍ നിയമസഭ സീറ്റിലും നടക്കുന്ന പോരാട്ടം ബി.ജെ.പിക്ക് പ്രധാനമാണ്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ രണ്ട് സീറ്റുകളും പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. രണ്ട് സീറ്റുകളും നിലനിര്‍ത്താനായില്ളെങ്കില്‍ നോട്ട് പരിഷ്കാരത്തിനുള്ള തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുക.

സംവരണ സീറ്റുകളാണ് രണ്ടിടത്തും. കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളി. 2015 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ രത്ലാന്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. സമാനമായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

അതുകൊണ്ടാണ് മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവും സംസ്ഥാന മന്ത്രിയുമായ ഗ്യാന്‍ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ എം.പി രാജേഷ് നന്ദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ഗോത്രവര്‍ഗ മേഖലയില്‍ നോട്ട് പ്രതിസന്ധി കാര്യമായി ഏശില്ളെന്ന് ബി.ജെ.പി നേതാവും മന്ത്രിയുമായ ഹിതേഷ് ബാജ്പേയ് പറഞ്ഞു. എന്നാല്‍, കൃഷിയിറക്കാന്‍ വിത്തിന് പോലും പണമില്ലാതെ വലയുന്ന കര്‍ഷകര്‍ മോദി സര്‍ക്കാറിനെതിരെ വിധിയെഴുതുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അരുണ്‍ യാദവ് പറയുന്നു.

Tags:    
News Summary - bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.