നോട്ട് വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ആരോപണം

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിനു പിന്നാലെ ബി.ജെ.പി സാമ്പത്തികാരോപണ കുരുക്കില്‍. ബി.ജെ.പിക്കാര്‍ വിവരം നേരത്തെ അറിഞ്ഞ് സമ്പാദ്യം സുരക്ഷിതമാക്കിയെന്നാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്ന ആരോപണം. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം ബി.ജെ.പി നേരത്തെ അറിഞ്ഞുവെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് പാര്‍ട്ടി ബംഗാള്‍ ഘടകം ഒരു കോടി രൂപ കൊല്‍ക്കത്തയിലെ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സി.പി.എം ആരോപിച്ചു. ഒരു ബംഗാളി പത്രം ഇതേക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിന്‍െറ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലാണ് പണം നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് രാത്രിയാണ് മോദിയുടെ പ്രഖ്യാപനം. അന്ന് ഉച്ചക്കു ശേഷം രണ്ടു തവണയായിട്ടാണ് പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടതെന്നാണ് ആരോപണം.  

നോട്ട് അസാധുവാക്കല്‍ തീരുമാനം സ്വന്തക്കാരെ ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപണമുന്നയിച്ചു. യു.പി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതു മുന്നില്‍ക്കണ്ടാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച് തൊട്ടു പിറ്റേന്നത്തെ പത്രങ്ങളില്‍ മോദിയുടെ ചിത്രവുമായി ഫുള്‍പേജ് പരസ്യം നല്‍കിയ പേ-ടിഎം സ്ഥാപകന്‍ വിജയ്ശേഖര്‍ ശര്‍മയേയും കെജ്രിവാള്‍ വിമര്‍ശിച്ചു. എ.ടി.എം വേണ്ട ഇനി പേ-ടിഎം എന്നായിരുന്നു പരസ്യ വാചകം. മോദി സര്‍ക്കാറുമായി മുന്‍കൂട്ടി ഒത്തുകളി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യമാണ് പ്രധാന നേട്ടം ഉണ്ടാക്കിയതെന്നാണ് വിജയ് ശേഖര്‍ ശര്‍മ തിരിച്ചടിച്ചത്.
അതിരഹസ്യമായാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.

എന്നാല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുമെന്ന് ഗുജറാത്തിലെ ഒരു പത്രം ഏഴു മാസം മുമ്പു തന്നെ റിപ്പോര്‍ട്ടു ചെയ്തെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2000 രൂപ നോട്ട് വൈകാതെ പുറത്തിറക്കുമെന്നും ആ വാര്‍ത്തയില്‍ പറയുന്നു. സൗരാഷ്ട്രയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അകില’ എന്ന പത്രത്തിലാണ് ഏപ്രില്‍ ഒന്നിന് വാര്‍ത്ത വന്നത്. കള്ളപ്പണവും കള്ളനോട്ടും ഭീകരതാ പ്രോത്സാഹനവും തടയാനാണ് നടപടിയെന്നും വിശദീകരിക്കുന്നു. ഏപ്രില്‍ ഫൂള്‍ ഗണത്തില്‍പെടുത്തിയാണ് വാര്‍ത്ത നല്‍കിയതെന്നാണ് പത്രം ഉടമകള്‍ വിശദീകരിക്കുന്നത്. പക്ഷേ, വാര്‍ത്തയുടെ ഉള്ളടക്കത്തിന് സമാനമാണ് ഇപ്പോഴത്തെ നടപടി. പത്രത്തിന് ഭരണത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും വിമര്‍ശനമുണ്ട്. നോട്ട് പിന്‍വലിച്ചതുകൊണ്ട് സാധാരണക്കാര്‍ക്കാണ് ബുദ്ധിമുട്ടെന്നും നേതാക്കളെ ബാധിക്കില്ളെന്നും സംഘ്പരിവാര്‍ താത്വികാചാര്യനായിരുന്ന കെ.എന്‍ ഗോവിന്ദാചാര്യ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ തീരുമാനം പ്രധാനമന്ത്രിയുടെ മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മാറുമെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

വലമുറുക്കി ആദായനികുതി വകുപ്പ്

 500 രൂപ, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ വലമുറുക്കി ആദായനികുതി വകുപ്പ് രംഗത്ത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടത്തൊന്‍ ആദായനികുതി വകുപ്പ് രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. റദ്ദാക്കിയ നോട്ടുകള്‍ മാറ്റാന്‍ അനുവദിച്ച 50 ദിവസത്തെ സമയപരിധിയില്‍ 2.50 ലക്ഷം രൂപയിലധികമുള്ള നിക്ഷേപങ്ങളുടെ വിവരം നല്‍കാന്‍ ആദായനികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടു.

ഇതുവരെ, ഒരുവര്‍ഷം അക്കൗണ്ടിലെ നിക്ഷേപം 10 ലക്ഷം രൂപയില്‍ അധികമായാല്‍മാത്രമേ ബാങ്കുകള്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നുള്ളൂ. പരിചയമില്ലാത്ത ആളുകളുടെ പണം തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ധനമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൃഷിയില്‍നിന്നുള്ള വരുമാനം നികുതിമുക്തമാണെന്നും ഭയമില്ലാതെ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

അതിനിടെ, ജ്വല്ലറികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നൂവെന്ന വിവരം ലഭിച്ചതിനത്തെുടര്‍ന്ന് നവംബര്‍ ഏഴുമുതലുള്ള നാലുദിവസത്തെ സ്വര്‍ണവില്‍പനയുടെ കണക്ക് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ എക്സൈസ് അധികൃതര്‍ രാജ്യത്തെ 600ലധികം ജ്വല്ലറികളോട് ആവശ്യപ്പെട്ടു. ജ്വല്ലറികളിലെ സ്റ്റോക്കും വില്‍പനയും സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളിലെ ജ്വല്ലറികളാണ് നിരീക്ഷണത്തിലുള്ളത്.

തമിഴ്നാട്ടിലെ ജ്വല്ലറികളില്‍ ആദായനികുതി വകുപ്പും സെന്‍ട്രല്‍ എക്സൈസ് അധികൃതരും റെയ്ഡ് നടത്തി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മാതാക്കളുടെ ഹൈദരാബാദിലെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.