മംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പിയേയും മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയേയും അവഹേളിക്കുന്ന പോസ്റ്റർ സ്ഥാപിച്ച സംഭവവും പൊലീസ് നടപടിയും പുതിയ വിവാദങ്ങളിലേക്ക്. പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത് പാർട്ടി കാഡർമാരെയാണെന്ന് സൂചിപ്പിക്കുന്ന വീഡോകൾ പുറത്തു വന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ വിമതൻ അരുൺ പുട്ടിലക്ക് വേണ്ടി പ്രവർത്തിച്ച പുത്തൂർ നഗരസഭയിലെ ബി.ജെ.പി കാഡർമാരുടെ പട്ടിക ചില കേന്ദ്രങ്ങൾ നൽകിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തതെന്നാണ് ആരോപണം. തന്റെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് ഡിവൈ.എസ്.പിയെ സന്ദർശിച്ച അരുൺ എല്ലാവരേയും പുറത്തിറക്കിയിരുന്നു. എന്നാൽ ഊർജ്ജസ്വലരായിരുന്ന ഈ യുവാക്കൾ ഏറെ പ്രയാസപ്പെട്ട് ഇറങ്ങിവരുന്ന ദൃശ്യങ്ങൾ ചിലർ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ശരീര ഭാഗങ്ങൾ ലാത്തിയടിയേറ്റ് പൊട്ടിയത് ദൃശ്യങ്ങളിൽ കാണാം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ മണ്ഡലത്തിലാണ് നേതാക്കൾക്ക് ചെരിപ്പ് മാല ചാർത്തി ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ സ്ഥാപിച്ച സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നരിമുഗറു സ്വദേശികളായ ശിവരാമ, മാധവ, അവിനാഷ്, ചൈത്രേശ്, ഈശ്വർ, നിഷാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവർത്തനം നടത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കേസ്. കട്ടീലിന്റേയും ഗൗഡയുടേയും പടങ്ങൾ ചേർത്ത് തയാറാക്കിയ പോസ്റ്ററാണ് പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചത്. ബി.ജെ.പിക്ക് നാണംകെട്ട പരാജയം സമ്മാനിച്ച നിങ്ങൾക്ക് ആദരാഞ്ജലികൾ എന്നാണ് പോസ്റ്ററിലെ വാചകം. അടിയിൽ സന്തപ്ത ഹിന്ദുക്കൾ എന്നും ചേർത്തു.
ബി.ജെ.പി റിബൽ സാന്നിധ്യം കാരണം ശക്തമായ ത്രികോണ മത്സരം നടന്ന പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ ആശ തിമ്മപ്പ ഗൗഡ 36,526 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു. അശോക് കുമാർ റൈ (കോൺഗ്രസ്) 64,687 വോട്ടുകൾ നേടി വിജയിച്ച മണ്ഡലത്തിൽ അരുൺ പുട്ടിലയാണ് (ബി.ജെ.പി വിമതൻ) 61,336 വോട്ടുകൾ ലഭിച്ച് രണ്ടാമനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.