ഡൽഹി കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പയുടെ അനിത ജെയിൻ
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നിലനിർത്താനാവാതെ ബി.ജെ.പി. ഉപതെരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിൽ ഏഴിലും വിജയിച്ചുവെങ്കിലും, കഴിഞ്ഞ തവണ നേടിയ രണ്ട് സീറ്റുകൾ നഷ്ടമായി. മൂന്നിടങ്ങളിൽ ആം ആദ്മി പാർട്ടി (എ.എ.പി) വിജയിച്ചപ്പോൾ കോൺഗ്രസും ഫോർവേഡ് േബ്ലാക്കും ഓരോ സീറ്റുകളും നേടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ വൻ ഭൂപരിപക്ഷത്തിൽ സ്വന്തമാക്കിയത് കോൺഗ്രസിന് നേട്ടമായി.
കോർപറേഷനിലെ വിവിധ വാർഡുകളിലേക്കായി നവംബർ 30നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായ രേഖ ഗുപ്തയുടെ വാർഡായ ഷാലിമാർ ബാഗ് ബിയിൽ ബി.ജെ.പിയുടെ അനിത ജെയിൻ 10,000ത്തിൽ ഏറെ വോട്ടിന് വിജയിച്ചു. കോഗ്രസിന്റെ സരിത കുമാരിയെയാണ് തോൽപിച്ചത്. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വീട് കൂടി ഉൾകൊള്ളുന്ന വാർഡാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി കീഴടങ്ങിയ എ.എ.പിക്കും കോൺഗ്രസിനും തങ്ങളുടെ തിരിച്ചുവരവ് തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ഉപതെരഞ്ഞെടുപ്പ്.
250 സീറ്റുകളുള്ള ഡൽഹി കോർപറേഷനിൽ 116 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. എ.എ.പിക്ക് 99ഉം, ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിക്ക് 15ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്.
സംഗം വിഹാർ എ വാർഡിൽ നിന്നും കോൺഗ്രസിന്റെ സുരേഷ് ചൗധരി 3500ൽ ഏറെ വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. 2022 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ചന്ദൻ കുമാർ ചൗധരി 389 വോട്ടിന് വിജയിച്ച വാർഡിലാണ് കോൺഗ്രസ് മികച്ച വിജയം നേടിയത്.
ബി.ജെ.പിയുടെ ഒമ്പതും, എ.എ.പിയുടെ മൂന്നും സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ബി.ജെ.പിക്ക് രണ്ട് സീറ്റ് നഷ്ടമായി. എ.എ.പിക്ക് തങ്ങളുടെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞു. എന്നാൽ, ബി.ജെ.പിയുടെ കൈവശമുള്ള സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ് മികവ് കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.