രേവന്ത് റെഡ്ഡി

2025ഓടെ ഭരണഘടന മാറ്റാൻ ബി.ജെ.പി ആഗ്രഹിക്കുന്നു- രേവന്ത് റെഡ്ഡി

ഹൈദരാബാദ്: 2025 ഓടെ ബി.ജെ.പി ഇന്ത്യൻ ഭരണഘടന മാറ്റാൻ പദ്ധതിയിടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നരേന്ദ്ര മോദിയും ബി.ജെ.പിയിലെ മറ്റ് ഉന്നത നേതാക്കളും ചേർന്ന് പിന്നാക്ക വിഭാഗങ്ങൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അടുത്ത വർഷത്തോടെ ആർ.എസ്.എസിന് ആവശ്യമായ രീതിയിലേക്ക് ഭരണഘടന മാറ്റാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനായി ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായാണ് ബി.ജെ.പിയുടെ 400 സീറ്റെന്ന മുദ്രാവാക്യം. എസ്‌.സി, എസ്.എടി, ബി.സി, ഒ.ബി.സി എന്നീ പിന്നാക്ക വിഭാഗങ്ങൾക്കെതിരെ നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പിയും സർജിക്കൽ സ്‌ട്രൈക്ക് നടത്തുകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

സംവരണത്തിലെ 50 ശതമാനം എന്ന പരിധി നീക്കണമെന്ന ആവശ്യം ബി.സി, ഒ.ബി.സി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാഗ സെൻസസ്‌ നടത്തി സംവരണം നൽകുമെന്ന് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയെ സംവരണ രഹിത രാജ്യമാക്കുക എന്ന ആർ.എസ്.എസ് ആശയമാണ് ബി.ജെ.പി ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമായി മാറ്റാനുള്ള ഗൂഢാലോചനയാണ് ആർ.എസ്.എസ് നടത്തുന്നത്. ആർട്ടിക്കിൾ 370, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ ആർ.എസ്.എസ് ആശയങ്ങൾ ഇതിനോടകംതന്നെ ബി.ജെ.പി നടപ്പാക്കി കഴിഞ്ഞു.

മോദിക്ക് തോൽക്കുമെന്ന് ഭയമുണ്ടെന്നും ആളുകൾക്കിടയിൽ ഭിന്നിപ്പും സംഘർഷവും സൃഷ്‌ടിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.

Tags:    
News Summary - BJP wants to change the constitution by 2025- Revanth Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.