ഭൂമി ഏറ്റെടുക്കൽ നിയമം പരിശോധിക്കുന്ന പാർലമെന്ററി സമിതിയുടെ ക്ഷണപ്രകാരം പാർലമെന്റ് അനക്സിലെത്തിയ മേധ പട്കർ നടൻ പ്രകാശ് രാജിനും ഇംറാൻ മസൂദ് എം.പിക്കുമൊപ്പം
ന്യൂഡൽഹി: പ്രമുഖ ആക്ടിവിസ്റ്റ് മേധ പട്കറെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ഭൂമി ഏറ്റെടുക്കൽ നിയമം പരിശോധിക്കുന്ന പാർലമെന്ററി സ്ഥിരം സമിതിയിലെ ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. മേധാ പട്കറെ ‘‘ദേശവിരുദ്ധ, വികസന വിരോധി’’ എന്നൊക്കെ ചീത്ത വിളിച്ചാക്ഷേപിച്ചായിരുന്നു പാർലമെന്റ് അനക്സിൽ ബി.ജെ.പി എം.പിമാരുടെ ഇറങ്ങിപ്പോക്ക്.
കോൺഗ്രസ് എം.പി സപ്തഗിരി ഉലക നയിക്കുന്ന ഗ്രാമ വികസന പഞ്ചായത്തീരാജ് സ്ഥിരം സമിതിക്ക് മുമ്പാകെ അഭിപ്രായം അറിയിക്കാൻ എത്തിയ മേധ പട്കർ മുറിക്ക് പുറത്ത് തന്റെ ഉൗഴം കാത്തുനിൽക്കുന്നതിനിടയിലായിരുന്നു പ്രതിഷേധം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സമിതിയുടെ പരിശോധന.
യോഗം തുടങ്ങുന്നതിന് മുമ്പേ ബി.ജെ.പി എം.പിമാർ കൂട്ടത്തോടെ മേധ പട്കറെ ചീത്തവിളിക്കാൻ തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ വികസനം സ്തംഭിപ്പിച്ചവരാണ് മേധയെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പി എം.പിമാർ, ഇക്കണക്കിന് പോയാൽ പാകിസ്താൻ പ്രധാനമന്ത്രിയെയും അഭിപ്രായമറിയാൻ സമിതി ക്ഷണിക്കുമെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.
മേധ പട്കറിനെ കൂടാതെ നടൻ പ്രകാശ് രാജ്, അഭിഭാഷക ആരാധന ഭാർഗവ, മറ്റ് വിദഗ്ധർ, എൻ.ജി.ഒ പ്രതിനിധികൾ, വിഷയവുമായി ബ ന്ധപ്പെട്ട മറ്റു കക്ഷികൾ തുടങ്ങിയവരും സമിതി മുമ്പാകെ തങ്ങളുടെ അഭിപ്രായം അറിയിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.