Representational Image
ജയ്പൂർ: രാജസ്ഥാനിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി. രാജ്സാമന്തിലെ പാർട്ടി ഓഫീസ് തകർത്തതിനാണ് സസ്പെൻഷൻ.
രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലും എട്ട് എം.എൽ.എമാർക്ക് ടിക്കറ്റ് നിഷേധിച്ചതോടെയാണ് പ്രതിഷേധം കനത്തത്. പാർട്ടിയുടെ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കി ഛിത്തോർഗഡ് എം.എൽ.എ ചന്ദ്രബൻ സിങ് ആക്യ രംഗത്തെത്തിയിരുന്നു. പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടോ എന്നറിയാൻ 24 മണിക്കൂർ കൂടി കാത്തിരിക്കുമെന്നും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ പാർട്ടിയിൽ നിന്ന് മാറി സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച മുതലാണ് ആക്യയുടെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഛത്തോർഗഡിൽ നിന്നും പാർട്ടി പുതുതായി പ്രഖ്യാപിച്ച സ്ഥാനാർഥിയെ വരുത്തൻ എന്ന് വിളിച്ചായിരുന്നു അനുയായികളുടെ പ്രതിഷേധം. ഉദയ്പൂരിൽ ഡെപ്യൂട്ടി മേയറും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ടിക്കറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡെപ്യൂട്ടി മേയർ പരസ് സിങ്വിയുടെ പ്രതിഷേധം.
ഒക്ടോബർ 9നാണ് ബി.ജെ.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെക്കും അനുയായികൾക്കും പാർട്ടി സീറ്റ് നൽകിയിരുന്നു. വസുന്ധരക്ക് സീറ്റ് നൽകാത്തത് പ്രതിപക്ഷം ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നതിനിടയിലാണ് അവരോടൊപ്പം നിൽക്കുന്ന 12 നേതാക്കൾക്കും ബി.ജെ.പി 83 പേരുള്ള രണ്ടാം പട്ടികയിൽ സീറ്റ് നൽകിയത്. ആദ്യപട്ടികയിൽ സീറ്റ് നിഷേധിച്ച ഭൈറോൺ സിങ് ശെഖാവത്തിന്റെ മരുമകനും വസുന്ധരക്കൊപ്പം നിൽക്കുന്ന നേതാവുമായ നർപത് സിങ്ങ് രാജ്വിക്കും അണികളുടെ പ്രതിഷേധത്തെ തുടർന്ന് സീറ്റ് നൽകാൻ ബി.ജെ.പി നിർബന്ധിതമായി. രണ്ടു തവണ മുഖ്യമന്ത്രിയായ 70കാരിയായ വസുന്ധര രാജെ 2003 മുതൽ അവർ പ്രതിനിധീകരിക്കുന്ന ഝൽറാപാഠൻ നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കും. നർപത് സിങ് രാജ്വി, ശ്രീചന്ദ് കൃപലാനി, അശോക് ഡോഗ്ര, പ്രതാപ് സിങ് സിങ്വി, സിദ്ധി കുമാരി തുടങ്ങി വസുന്ധര ക്യാമ്പിലെ 12 നേതാക്കൾക്കാണ് രണ്ടാം പട്ടികയിൽ സ്ഥാനാർഥിത്വം ലഭിച്ചത്. ഏഴ് സിറ്റിങ് എം.എൽ.എമാർക്ക് രണ്ടാം പട്ടികയിൽ സീറ്റ് നിഷേധിച്ചു. അഞ്ചു തവണ എം.എൽ.എയായ രാജ്വി സീറ്റ് നിഷേധത്തിൽ രോഷാകുലനായി ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.