കേരളത്തിലെ സി.ഇ.ഒയുടെ രേഖയിൽ ബി.ജെ.പി മുദ്ര: കടുത്ത വിമർശനവുമായി മമത ബാനർജി; ‘കമീഷൻ നിഷ്പക്ഷമല്ലെന്നതിന്‍റെ തെളിവാണിത്’

കൊൽക്കത്ത: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക രേഖയിൽ ബി.ജെ.പി മുദ്ര പതിഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷമല്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും സത്യം പുറത്തുവന്നുവെന്നും കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഒളിച്ചുകളി അവസാനിപ്പിച്ച് നേർക്കുനേർ പോരാടാൻ തയാറാകണം. ഇത് ഒരു ക്ലറിക്കൽ പിശകാണെന്ന കേരളത്തിലെ സി.ഇ.ഒ ഓഫീസിന്‍റെ വിശദീകരണത്തെയും അവർ പരിഹസിച്ചു. 

രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും രാഷ്ട്രീയ വേർതിരിവില്ലാതെ ഒന്നിക്കണം. ബംഗാളിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വ്യാപകമായി വരണാധികാരികളെ സ്ഥലം മാറ്റിയ നടപടിയിലും മമത പ്രതിഷേധം രേഖപ്പെടുത്തി. നന്ദിഗ്രാമിലെ വരണാധികാരിയെ ഭവാനിപ്പൂരിലേക്ക് മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, ആരുടെ നിർദേശപ്രകാരമാണ് ഈ മാറ്റമെന്ന് അവർ ചോദിച്ചു.

കൂടാതെ, വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണത്തിൽ സുതാര്യതയില്ലെന്നും പാതിരാത്രിയിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് സംശയകരമാണെന്നും മമത ബാനർജി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഔദ്യോഗിക വിശദീകരണം വന്ന ശേഷം മാത്രം പ്രതികരിക്കാമെന്നായിരുന്നു ബംഗാൾ നിയമസഭയിലെ ബി.ജെ.പി ചീഫ് വിപ്പ് ശങ്കർ ഘോക്ന്‍ഷിന്‍റെ മറുപടി.

Tags:    
News Summary - BJP seal on Kerala CEO's document Mamata Banerjee strongly criticizes; This is proof that the commission is not impartial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.