മുംബൈ: ശരദ് പവാർ കോൺഗ്രസിലേക്ക് തിരിച്ചു പോകുമെന്ന് റിപ്പോർട്ടുകൾ. 1999 സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചൊല്ലി കോൺഗ്രസ് പിളർത്തിയാണ് എൻ.സി.പി രൂപവത്കരിച്ചത്. 2023ൽ ജേഷ്ഠപുത്രൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർന്നതിനു പിന്നാലെ വീണ്ടുമൊരു പിളർപ്പിന്റെ അഭ്യൂഹങ്ങളിലാണ് ശരദ് പവാർ പക്ഷം. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി പവാർ ലയന ചർച്ച ഊർജിതമാക്കിയതായാണ് പറയപ്പെടുന്നത്.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വടേടിവാർ ഇക്കാര്യം കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. തന്റെ പാർട്ടി പിളരുകയോ ലയിക്കുകയോ ഇല്ലെന്ന് ലയന വാർത്തകളെ തള്ളി വ്യാഴാഴ്ച പവാർ പ്രതികരിച്ചിരുന്നു. 2024ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ കോൺഗ്രസുമായി ലയന ചർച്ച ആരംഭിച്ചതാണ്.
അതേസമയം പവാറിന്റെ ഉള്ളിലിരിപ്പ് എന്തെന്ന് വ്യക്തമല്ല. നിലവിൽ പവാർ പക്ഷത്തിന് മഹാരാഷ്ട്രയിൽ എട്ട് എംപിമാരും 10 എംഎൽഎമാരും ആണ് ഉള്ളത്. ഈയിടെ രാജ്യസഭയിലേക്ക് പവാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസിന്റെയും ഉദ്ധവ് താക്കറേ പക്ഷ ശിവസേനയുടെയും പിന്തുണയിലാണ്. രാജ്യസഭയിലും മഹാരാഷ്ട്ര നിയമസഭ കൗൺസിലിലും പവാർ പക്ഷത്തിന്റെ സാന്നിധ്യം ഗണ്യമായി കുറയുകയും ചെയ്തു. ഇത്തരം രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയാണ് 'ഓപറേഷൻ തുതാരി' അഭ്യൂഹമായി പിന്തുടരുന്നത്. ഉദ്ധവ് പക്ഷ ശിവസേനയിലെ ആറ് എംപിമാരെ ഷിൻഡെ പക്ഷ ശിവസേനയിലേക്ക് അടർത്തി മാറ്റിയ ' ഓപറേഷൻ ടൈഗർ'ന് ശേഷം അടുത്തത് പവാർ പക്ഷമാണ് എന്ന തോന്നലുണ്ടാക്കാൻ ബി.ജെി.പി നേതൃത്വത്തിലുള്ള ഭരണപക്ഷ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടുണ്ട്.
കോൺഗ്രസിൽ ലയിച്ചാൽ തന്റെ വിശ്വസ്തന് പാർട്ടി മഹാരാഷ്ട്ര അധ്യക്ഷ പദവിയും മകളും എംപിയുമായ സുപ്രിയ സുലെക്ക് ദേശീയ നേതൃത്വത്തിൽ ഇടവും ലഭിക്കാൻ പവാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. അതേസമയം, കോൺഗ്രസുമായി ലയന ചർച്ച നടത്തിക്കൊണ്ട് എൻഡിഎയിൽ പവാർ വിലപേശുകയാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യൻ ആയി അറിയപ്പെടുന്ന പവാറിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്റെ വിശ്വസ്തർക്കു പോലും പ്രവചിക്കാനാകില്ല.
2023ലെ പാർട്ടി പിളർപ്പ് പവാറിന്റെ സമ്മതത്തോടെ ആയിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അജിത് പവാർ ഉൾപ്പടെ കുടുംബാംഗങ്ങളും വിശ്വസ്തരായ നേതാക്കളും അഴിമതി ആരോപണങ്ങളും റെയ്ഡുകളും സ്വത്ത് കണ്ടു കെട്ടലുകളും നേരിടുന്നതിനിടയായിരുന്നു പിളർപ്പ്. പാർട്ടി പിളർത്തിയ അജിത് ബി.ജെ.പിയുമായി സഖ്യമായി ഭരണത്തിൽ ഇടം നേടി.
പിന്നീട് രണ്ടു പക്ഷവും ലയിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും വിമാന ദുരന്തത്തിൽ അജിത് പവാർ മരിച്ചതോടെ അത് മുടങ്ങി. അന്ന് ഇരുപക്ഷവും ലയിച്ചിരുന്നുവെങ്കിൽ എൻ.ഡി.എയുടെ ഭാഗമായി തുടരുമെന്നായിരുന്നു അഭ്യൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.