സത്യപാൽ മാലികിനും ജഗ്ദീപ് ധൻകറിനും വേണ്ടി സംസാരിച്ച സംസ്ഥാന വക്താവിനെ പുറത്താക്കി ബി.ജെ.പി

ജയ്പൂർ: മുതിർന്ന നേതാക്കൾക്കെതിരായ പാർട്ടി നേതൃത്വത്തിന്റെ സമീപനങ്ങൾക്കെതിരെ പരസ്യവിമർശനമുന്നയിച്ച ​സംസ്ഥാന നേതാവിനെതിരെ പുറത്താക്കി ബി.ജെ.പി. മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിനും, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനുമെതിരായ പാർട്ടിയുടെ സമീപനത്തെ വിമർശിച്ച് രംഗത്തുവന്ന ബി.ജെ.പി രാജസ്ഥാൻ വക്താവും മുതിർന്ന നേതാവുമായ കൃഷ്ണകുമാർ ജനുവിനെയാണ് ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ബി.ജെ.പിക്ക് അനഭിമതരായി മാറിയ മുൻഗവർണറെയും, കഴിഞ്ഞ മാസം രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയും പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാക്കൾക്കെതിരായ നടപടിയെ എന്തുകൊണ്ട് സമുദായത്തിലെ മറ്റു അംഗങ്ങൾചോദ്യം ചെയ്യുന്നില്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയതോടെയാണ് കൃഷ്ണ കുമാർ ജനുവിനെതിരെ നടപടിയുമായി നേതൃത്വം രംഗത്തെത്തിയത്.

സമുദായത്തിലെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ മറ്റു അംഗങ്ങൾക്കും ഭാവിയിൽ ഈ അനുഭവം ഉണ്ടാകില്ലെന്ന് എന്ത് ഉറപ്പാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ വിമർശനം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്തരിച്ച മുൻ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ സത്യപാൽ മാലികിന് സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാർ അർഹിച്ച ആദരവ് നൽകിയില്ലെന്നും ജാനു കുറ്റപ്പെടുത്തി. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, യശ്വന്ത് സിൻഹ, പ്രവീൺ തൊഗാഡിയ, സഞ്ജയ് ജോഷി, വസുന്ധര രാജെ തുടങ്ങിയ മുതിർന്ന നേതാക്കളെ പാർട്ടിയുടെ നിലവിലെ നേതൃത്വം അവഗണിഗുകയാണ്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നിലവിലെ ഭരണത്തിന് കീഴിൽ വെറുമൊരു പാവയാക്കിമാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. അവഗണ​നക്കെതിരെ ജാട്ട് സമുദായം ശബ്ദമുയർത്തണമെന്നും വീഡിയോ സന്ദേശത്തിൽ കൃഷ്ണകുമാർ ജനു ആവശ്യപ്പെട്ടു.

സംസ്ഥാന വക്താവി​ന്റെ വീഡിയോ സന്ദേശം വൈറലായതോടെയാണ് ബി.ജെ.പി നടപടിയുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ജൂണിൽ രാജസ്ഥാനിലെ ജുൻജുനു ജില്ലാ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് തൃപ്തികരമായി മറുപടി നൽകിയില്ലെന്ന് ചൂണ്ടികാട്ടി ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കുന്നതായി അച്ചടക്ക സമിതി അധ്യക്ഷൻ ഓംകാർ സിങ് ലഖാവതി അറിയിച്ചു. 

Tags:    
News Summary - BJP sacks spokesperson Krishna Kumar Janu who accused party of ‘tiraskar’ towards Satya Pal Malik, Dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.