ഉദ്ധവ് താക്കറെ

മറാത്തിയുടെ പേരിൽ മർദ്ദനം: ആർ.എസ്.എസും ബി​.ജെ.പിയും സമൂഹത്തിൽ വിദ്വേഷം പരത്തുന്നുവെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ

മുംബൈ: ഭാഷയുടെ പേരിൽ ആർ.എസ്.എസും ബി​.ജെ.പിയും സമൂഹത്തിൽ വിദ്വേഷം പരത്തുകയാണെന്ന് ശിവസേന (യു.ബി.ടി) മേധാവി ഉദ്ധവ് താക്കറെ. മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ ലോക്കൽ ട്രെയിനിൽ വെച്ച് നടന്ന സംഘർഷത്തിൽ മർദനമേറ്റ 19 വയസ്സുകാരനായ കോളേജ് വിദ്യാർത്ഥി അർണവ് ഖൈരെ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് താക്കറെയുടെ പ്രതികരണം.

സംഭവത്തിന് പിന്നാലെ, ശിവാജി പാർക്കിലെ ബാൽതാക്കറെയുടെ സ്മാരകത്തിന് മുന്നിൽ ബി.​ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചില കക്ഷികളും രാഷ്ട്രീയ പാർട്ടികളും ഭാഷയുടെ അടിസ്ഥാനത്തിൽ ​ശത്രുത വളർത്തുന്നുവെന്ന ആരോപിച്ചായിരുന്നു പ്രതിഷേധം. ‘അർണവ് ഖൈറെയുടെ നിര്യാണത്തിൽ ഞങ്ങൾ ദുഃഖം പ്രകടിപ്പിക്കുന്നു. ചില രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും ഭാഷയുടെ പേരിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സമൂഹത്തിൽ ഐക്യം വേണം, ശത്രുതയല്ല എന്നതാണ് ഞങ്ങളുടെ നിലപാട്,’ മുംബൈ ബി.ജെ.പി പ്രസിഡന്റ് അമിത് സതം പറഞ്ഞു.

ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷ ആരോപണങ്ങളുമായി ശിവസേനയും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമടക്കമുള്ളവർ രംഗത്തെത്തിയത്. ‘ബി.ജെ.പി ദൗർഭാഗ്യകരമായ സംഭവം മുതലെടുത്ത് ഭാഷാപരമായ പ്രാദേശികവാദം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. ഭാഷയുടെ പേരിൽ ഒരിക്കലും അക്രമമോ കൊലപാതകമോ ആഹ്വാനം ചെയ്തിട്ടില്ല. ഭാഷാപരമായ പ്രാദേശികവാദത്തിന്റെ വിഷം പ്രചരിപ്പിക്കുന്നതും അതിന്റെ ഉത്തരവാദിത്തം നമ്മുടെ മേൽ ചുമത്തുന്നതും ബി.ജെ.പിയും ആർ.എസ്.എസുമാണ്. ഇത്തരം വിഭജന തന്ത്രങ്ങളെ കരുതിയിരിക്കേണ്ടത് പ്രധാനമാണ്,’ ശനിയാഴ്ച തന്റെ വസതിയായ മാതോശ്രിയിൽ പാർട്ടി പ്രവർത്തകരുമായി സംസാരിക്കവെ താക്കറെ പറഞ്ഞു,

ഭാഷയുടെയും പ്രദേശത്തിന്റെയും പേരിൽ മറ്റുള്ളവർ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി മഹാരാഷ്ട്രയിലെ ജനങ്ങളെ ക്രൂരമായി പരിഹസിക്കുകയാണെന്ന് മുംബൈ കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു. ‘മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്ത് വിഷം വമിപ്പിക്കുന്ന ബി.ജെ.പി ഒരു ചെറുപ്പക്കാരന്റെ ദൗർഭാഗ്യകരമായ മരണത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. വിഷയത്തിൽ നടത്തുന്ന പ്രതികരണങ്ങളിൽ ബി.ജെ.പിക്ക് സ്വയം ലജ്ജ തോന്നണം,’ സാവന്ത് പറഞ്ഞു.

നവംബർ 18നാണ്, മുളുന്തിലെ പ്രമുഖ കോളേജിൽ ഒന്നാം വർഷ ബി.എസ്‌.സി വിദ്യാർത്ഥി അർണവ് ഖൈരെക്ക് (19) കോളേജിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ മർദനമേറ്റത്. മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ അഞ്ചംഗ സംഘം വിദ്യാർഥിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഖൈ​രെയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 

Tags:    
News Summary - BJP, RSS spreading poison in the name of language: Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.