നിതിൻ നബിൻ
'ധൈര്യമുണ്ടെങ്കിൽ രാഹുൽ ഗാന്ധി രാജിവെച്ച് കാണിക്കട്ടെ'; ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ
വാരാണസി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധിയുടേത് 'അരാജകത്വ ചിന്താഗതി'യാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സ്വന്തം നിലപാടുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാൻ ധൈര്യം കാണിക്കണമെന്ന് വെല്ലുവിളിച്ചു. ഉത്തർപ്രദേശ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിക്കൊപ്പം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടത്തിയത് ഇതേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് നിതിൻ നബിൻ ഓർമിപ്പിച്ചു. തങ്ങൾക്ക് അനുകൂലമായ ഫലം വരുമ്പോൾ നിശ്ശബ്ദരാകുകയും പരാജയഭീതി വരുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ തിരിയുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇലക്ഷൻ കമ്മീഷനെ തള്ളിപ്പറയാൻ രാഹുൽ ഗാന്ധിക്ക് എന്ത് അർഹതയാണുള്ളത്? അദ്ദേഹത്തിന് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ആദ്യം സ്വന്തം രാജി സമർപ്പിക്കട്ടെ. അതിനുശേഷം മതി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ഈ അരാജകത്വ നാടകങ്ങൾ."
— നിതിൻ നബിൻ തുറന്നടിച്ചു.
'ഇന്ത്യൻ വിഭവങ്ങൾ ഇവിടുത്തെ ജനങ്ങൾക്കുള്ളത്; നുഴഞ്ഞുകയറ്റക്കാർക്ക് അവകാശം നൽകില്ല'
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലൂടെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നതിനെതിരെയാണ് രാഹുൽ ഗാന്ധിയും കൂട്ടരും തെരുവിൽ ബഹളമുണ്ടാക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ ആരോപിച്ചു. രാജ്യത്ത് അനധികൃതമായി എത്തിയ നുഴഞ്ഞുകയറ്റക്കാർക്ക് സംരക്ഷണമൊരുക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
'ഭാരതത്തിന്റെ വിഭവങ്ങളും സമ്പത്തും മണ്ണും ഈ രാജ്യത്തെ സാധാരണ പൗരന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇവിടെ അനധികൃതമായി കടന്നുകൂടിയ നുഴഞ്ഞുകയറ്റക്കാർക്ക് ഈ സമ്പത്തിന്മേൽ ഒരവകാശവും സ്ഥാപിച്ചുകൊടുക്കാൻ ഞങ്ങൾ അനുവദിക്കില്ല. അവർക്ക് രാജ്യത്തിന്റെ വിഭവങ്ങൾ വീതിച്ചുനൽകാനാണ് രാഹുൽ ശ്രമിക്കുന്നത്. ആർക്കുവേണ്ടിയാണ് രാഹുൽ സമരം ചെയ്യുന്നതെന്ന് രാജ്യം കാണുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിക്ക് എല്ലാ ദിവസവും തിരഞ്ഞെടുപ്പാണ്'
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബി.ജെ.പി പ്രവർത്തകർ എപ്പോഴും ജനങ്ങൾക്കിടയിലാണെന്ന് അദ്ദേഹം മറുപടി നൽകി.
'ഭാരതീയ ജനതാ പാർട്ടിയുടെ ഓരോ പ്രവർത്തകനും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരാണ്. അവരെ സംബന്ധിച്ച് എല്ലാ ദിവസവും കർമനിരതമായ ദിനമാണ്, എല്ലാ ദിവസവും തിരഞ്ഞെടുപ്പുമാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മുഖം കാണിച്ച് വോട്ട് ചോദിക്കാൻ ഇറങ്ങുന്ന രാഷ്ട്രീയക്കാരല്ല ബി.ജെ.പിയിലുള്ളത്," നിതിൻ നബിൻ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.