ഗോധ്ര ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സി.ടി.രവിയും തോറ്റു; മണ്ഡലം കൈവിട്ടത് 19 വര്‍ഷത്തിനുശേഷം

ഗോധ്ര ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി.രവിയും തോറ്റു. എൻ.ആർ.സി പ്രക്ഷോഭകാലത്താണ് മന്ത്രി വിവാദമായ പ്രസ്താവന നടത്തിയത്. ഇതുകൂടാതെ നിരവധി മുസ്‍ലിം വിരുദ്ധ പ്രസ്താവനകളും സി.ടി. രവി നടത്തിയിട്ടുണ്ട്. ഹലാൽ സങ്കൽപ്പം ഇക്കണോമിക് ജിഹാദായിരുന്നെന്നാണ് അതിൽ ഒന്ന്. എന്നാൽ ഈ വിഭാഗീയത പരത്താനുള്ള ശ്രമങ്ങളൊന്നും ഇലക്ഷനിൽ രവിയെത്തുണച്ചില്ല.

സി.ടി. രവിക്ക് ചിക്കഡമംഗളൂരുവില്‍ ദയനീയ തോല്‍വി

സി.ടി. രവിക്ക് ചിക്കമംഗളൂരുവിലാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 2004 മുതല്‍ ചിക്കമംഗളൂരു എം.എല്‍.എ.യായിരുന്ന സി.ടി. രവിക്ക് 19 വര്‍ഷത്തിന് ശേഷമാണ് മണ്ഡലം കൈവിട്ടത്. മുന്‍ ബി.ജെ.പി നേതാവായ എച്ച്.ഡി. തമയ്യയാണ് ബി.ജെ.പി. ദേശീയ നേതാവിനെതിരേ അട്ടിമറി ജയം നേടിയത്. സി.ടി. രവിയുടെ അടുത്ത അനുയായി കൂടിയായിരുന്ന തമ്മയ്യ, കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിക്കമംഗളൂരുവില്‍നിന്ന് ജനവിധി തേടുകയായിരുന്നു.

19 വര്‍ഷം കൈവശംവെച്ച മണ്ഡലം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രവിയ്ക്ക് നഷ്ടമായത്. ബി.ജെ.പി കോട്ടയായ ചിക്കമംഗളൂരുവില്‍ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട തമ്മയ്യയെ രംഗത്തിറക്കി കനത്ത മത്സരമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഒടുവില്‍ ഫലംപുറത്തുവന്നപ്പോള്‍ വിജയവും കോണ്‍ഗ്രസിനൊപ്പമായി. സി.ടി. രവിയുടെ തോല്‍വി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.


നേരത്തെ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്കമംഗളൂരു. 1978-ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിച്ചതോടെ ചിക്കമംഗളൂരു ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധനേടി. 1989 മുതല്‍ കോണ്‍ഗ്രസ് നേതാവായ സഗീര്‍ അഹമ്മദായിരുന്നു ചിക്കമംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1999 വരെ കോണ്‍ഗ്രസിനൊപ്പംനിന്ന മണ്ഡലം പിന്നീട് സി.ടി.രവിയിലൂടെ ബി.ജെ.പി. പിടിച്ചെടുക്കുകയായിരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.